പിന്‍വാതില്‍ നിയമനം; അതിനാല്‍ സങ്കോചമില്ലാതെ സമരം ആരംഭിക്കൂ.....

Sat, 02/06/2021 - 14:05
unemployment

ഇയാസ് മുഹമ്മദ്
 

യു.ഡി.എഫും യൂത്ത് കോണ്‍ഗ്രസും മാത്രമല്ല, ബി.ജെ.പിയും സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉഗ്രസമരത്തിനൊരുങ്ങുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനങ്ങളിലൊന്ന് പിന്‍വാതില്‍ നിയമനങ്ങളാണ്. മന്ത്രിമാരുടെ ബന്ധു നിയമനങ്ങളില്‍ തുടങ്ങി, കോപ്പിയടിച്ച് പി.എസ്.സി പരീക്ഷ ജയിച്ച സംഭവം വരെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതായിരുന്നു. ഏതെങ്കിലും ഒരു വിമര്‍ശനത്തോട് സര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിച്ചില്ല. പ്രതിപക്ഷമാകട്ടെ തങ്ങളുടെ കടമ നിറവേറ്റിയെന്ന മട്ടില്‍ വിമര്‍ശനങ്ങളില്‍ നിന്ന് സ്വയം പിന്‍വാങ്ങുകയും ചെയ്തു. 

വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ പഴയ വിമര്‍ശനങ്ങള്‍ പ്രതിപക്ഷം പൊടിതട്ടിയെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് ഉപകരിക്കുമെന്ന പ്രത്യാശയില്‍ മാത്രമാണ് ഈ പടപ്പുറപ്പാടെന്ന് വ്യക്തം. കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളോട് ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമരകോലാഹലങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വാഭാവികമായി കെട്ടടങ്ങുകയും ചെയ്യും. ആര് അധികാരത്തിലെത്തിയാലും വീണ്ടും പിന്‍വാതില്‍ നിയമനങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളുടെ ഉറ്റബന്ധുക്കളും ഭാര്യമാരും ഉദ്യോഗകസാലകളിലിരുന്ന്, മെയ്യനങ്ങാതെ ശമ്പളം വാങ്ങി സുഖിച്ചു ജീവിക്കും. യു.ഡി.എഫ്, എല്‍.ഡി.എഫ് വ്യത്യാസമൊന്നും ഇക്കാര്യത്തില്‍ ഉണ്ടാകില്ല-കാരണം ചരിത്രം പഠിപ്പിക്കുന്നത് അങ്ങനെയാണ്. 

18നും 40നും ഇടയ്ക്ക് പ്രായമുള്ള ഒന്നേകാല്‍ കോടിയോളം യുവതീയുവാക്കളാണ് കേരളത്തിലുള്ളത്. 2011ലെ സെന്‍സസ് അനുസരിച്ചുള്ള കണക്കാണിത്. ഇതില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 35.63 ലക്ഷമാണ്. പേര് രജിസ്റ്റര്‍ ചെയ്തവരുടെ മാത്രം കണക്കനുസരിച്ച് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഇനി കേരളത്തില്‍ തൊഴിലെടുക്കുന്നവരുടെ കണക്ക് നോക്കാം. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പൊതു-സ്വകാര്യ മേഖലകളിലായി സംസ്ഥാനത്ത് പണിയുള്ളത്. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ലക്ഷങ്ങള്‍ വേറെയുണ്ട്. കേരളത്തില്‍ വൈറ്റ്‌കോളര്‍ പണിയെടുക്കുന്നവരുടെ എണ്ണമാണ് 12 ലക്ഷം. ഇതില്‍ അഞ്ചര ലക്ഷം പേരും സര്‍ക്കാര്‍ ജീവനക്കാരാണ്. നേരിട്ടോ, കോര്‍പറേഷനുകള്‍ വഴിയോ സര്‍ക്കാര്‍ ഖജനാവില്‍  നിന്ന് ശമ്പളം പറ്റുന്നവര്‍. ഏഴ് ലക്ഷത്തോളം പേരാണ് സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നത്. ഒന്നിരിക്കാന്‍ കഴിയാതെ, പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും ടൈംടേബിള്‍ നിഷ്ട പാലിക്കാന്‍ വിധിക്കപ്പെട്ട സെയില്‍സ് ഗേളുമാരുള്‍പ്പെടെയുള്ള കുറഞ്ഞ വേതനക്കാര്‍ ഈ പട്ടികയില്‍ വരില്ല. ഇവരില്‍ പകുതി പേരെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്ററില്‍ വര്‍ഷാവര്‍ഷം പേര് പുതുക്കുന്നവരാണ്. 

മണലാരണ്യത്തില്‍  പൊരിവെയിലില്‍ പണിയെടുക്കുന്നവര്‍ മുതല്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ എല്ലാ സംസ്ഥാനങ്ങളിലും മലയാളികള്‍ പണിയെടുക്കുന്നുണ്ട്. ജീവിതപ്രാരാബ്ധങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് മിക്കവര്‍ക്കും ഈ പ്രവാസം. രക്ഷപ്പെടുന്നവരും ജീവിതാവസാനം വരെ കഷ്ടപ്പെടുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ഇങ്ങനെ സ്വന്തം നാട്ടില്‍ പണി ലഭിക്കാതെ, ലക്ഷങ്ങള്‍ മറുനാടുകളില്‍ പണിയെടുക്കുന്ന, മറുനാടുകളിലേക്ക് പണി തേടി പോകാന്‍ പോലും കഴിയാതെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാരം പേറി നാട്ടില്‍ ദുരിത ജീവിതം നയിക്കുന്ന ലക്ഷങ്ങള്‍ തൊഴിലന്വേഷിക്കുമ്പോഴാണ് മന്ത്രിമാരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഉറ്റബന്ധുക്കള്‍ പുറംവാതിലിലൂടെ ഉദ്യോഗ കസാലകളിലെത്തുന്നത്. രാഷ്ട്രീയക്കാര്‍ക്ക് കോഴ നല്‍കി സര്‍വകലാശാലകളിലും സഹകരണ ബാങ്കുകളിലും കോര്‍പറേഷനുകളിലും താല്‍ക്കാലികക്കാരായി കയറി പിന്നീട് പിന്‍വാതിലിലൂടെ സ്ഥിരനിയമനം നേടിയെടുക്കുന്നത്. 

ഈ സര്‍ക്കാരിന്റെ കാലത്ത് പിന്‍വാതിലിലൂടെ പണി നേടിയ ചിലരുടെ പട്ടിക ഇങ്ങനെ: കെകെ രാഗേഷ് എംപി, എഎന്‍ ഷംസീര്‍ എംഎല്‍എ, മുന്‍എംപിമാരായ പി രാജീവ്, പികെ ബിജു,  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം  തുടങ്ങിയവരുടെ  ഭാര്യമാര്‍ക്ക്  സര്‍വകലാശാലകളില്‍ നിയമനം. കോര്‍പറേഷനുകളുടെ തലപ്പത്ത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ മാത്രം. മന്ത്രിമാരായ ഇ പി ജയരാജന്റേയും കെ.ടി ജലീലിന്റേയും നിയമനങ്ങള്‍ വിവാദമായതോടെ ചിലര്‍ രാജിവെച്ചു. സിഡിറ്റിലും കെല്‍ട്രോണിലും കിലയിലും കോര്‍പറേഷനുകളിലും നൂറുകണക്കിന് താല്‍ക്കാലികക്കാര്‍ക്ക് സ്ഥിരനിയമനം. കേരള ബാങ്കില്‍ ആയിരത്തിലധികം താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ പോകുന്നു. ലക്ഷങ്ങള്‍ പി.എസ്.സി എഴുതി തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ അനീതിയുടെ മാറാപ്പ് പേറി ഇടതുസര്‍ക്കാര്‍ വീണ്ടും ജനവിധി തേടാന്‍ തയാറെടുക്കുന്നത്. 

യു.ഡി.എഫിന്റെ കാലത്ത് കോര്‍പറേഷനുകളിലെ നിയമനങ്ങള്‍ ലേലം വിളി വഴിയായിരുന്നു നടപ്പാക്കിയത്. ഏജന്റുമാര്‍ തലങ്ങുംവിലങ്ങും ഓടി നടന്ന് പണം പിരിച്ചു. ലേലം കിട്ടിയവര്‍ക്ക് ജോലി. ഇല്ലാത്തവര്‍ക്ക് ചെലവ് കാശെന്ന പേരില്‍ നല്ലൊരു തുക പിടുങ്ങി കുറച്ചുപണം തിരികെ നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ മോഹനവാഗ്ദാനങ്ങള്‍ അക്ഷയഖനി പോലെ ബാക്കിയുണ്ടായിരുന്നതിനാല്‍ ആരും പരാതി നല്‍കിയില്ല. ബന്ധു നിയമനങ്ങളിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും യു.ഡി.എഫ് സര്‍ക്കാരും പിന്നിലായിരുന്നില്ല. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ചെയ്തതെല്ലാം അന്നും മുറപോലെ നടന്നിരുന്നു. ബന്ധുനിയമനങ്ങളിലും യു.ഡി.എഫും പിന്നിലായിരുന്നില്ല. 

ചില സാമ്പിളുകള്‍ ഇങ്ങനെ: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖ -സര്‍വ വിഞ്ജാന കോശം ഡയറക്ടര്‍, മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ്, കേരള സ്റ്റേറ്റ് ഐറ്റി ഇന്‍ഫ്രാ സ്റ്റ്രക്ചര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, ഭാര്യ അനില മേരി ഗീവര്‍ഗ്ഗീസ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍, ഉമ്മന്‍ ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സര്‍വീസ് എക്‌സാമിനെഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, ചെന്നിത്തലയുടെ അനിയന്‍ കെ വേണുഗോപാല്‍, കേരള ഫീഡ്‌സ് എം ഡി, മുസ്ലിം ലീഗ് അധ്യാപക സംഘടനാ നേതാവ് പി നസീര്‍ , ന്യൂനപക്ഷ വകുപ്പ് ഡയറക്റ്റര്‍ ( സ്വകാര്യ കോളേജ് അധ്യാപകന്‍ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി ), മന്ത്രി വി എസ് ശിവകുമാറിന്റെ അനിയന്‍ വി എസ് ജയകുമാര്‍ , ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവര്‍ ജയകുമാറിന് നോര്‍ക്കയില്‍ നിയമനം, മുസ്ലിം ലീഗ് മുന്‍ എം.എല്‍.എ  ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ പി അബ്ദുള്‍ ജലീല്‍ സ്‌കോള് കേരള ഡയറക്റ്റര്‍, വനിത ലീഗ് നേതാവിന്റെ മകന്‍ കെ പി നൗഫല്‍ , ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദക്ക് നോര്‍ക്കയില്‍ ജോലി. മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍ നായരുടെ അനന്തരവന്‍ വിപിന്‍  നോര്‍ക റൂട്ട്‌സില്‍, ആര്‍ സെല്‍വരാജിന്റെ മകള്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍. ഈ പട്ടിക നീണ്ടതാണ്. 

ചരിത്രം ഇതായിരിക്കെ പിന്‍വാതില്‍ നിയമനത്തിനെതിരെ സമരത്തിനിറങ്ങുന്ന യൂത്ത് കോണ്‍ഗ്രസുകാരെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ സമരം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കും. അതിനാല്‍ ഒന്നും പേടിക്കേണ്ട. ധൈര്യമായി  സമരം ആരംഭിക്കൂ.....

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick