മിന്നും താരങ്ങളേ.. എന്നാണ് നിങ്ങള്‍ ഭൂമിയിലേക്ക് വിരുന്നുവരിക

Fri, 02/05/2021 - 14:50
rihana, sachin

നരേഷ്

ഒരു നുണ നൂറു തവണ ആവര്‍ത്തിച്ച് പറഞ്ഞാല്‍ അത് വിശ്വസിപ്പിക്കാമെന്നത് ഫാസിസത്തിന്റെ അടിസ്ഥാന പ്രചരണ തന്ത്രങ്ങളിലൊന്നാണ്. ഫാസിസം അതിന്റെ എല്ലാ വിശ്വരൂപങ്ങളുമെടുത്ത്് ആടിത്തിമിര്‍ത്ത ഇരുപതാം നൂറ്റാണ്ടില്‍ ഈ പ്രചാരവേലയ്ക്ക് മുന്നില്‍ ലോകം തലകുനിച്ചുനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കുരിശുകണ്ട പിശാചുക്കളെപ്പോലെയാണ് ആശയങ്ങള്‍ ഫാസിസ്റ്റുകള്‍ക്ക്. അതുപോലെ തന്നെയാണ് അഭിപ്രായങ്ങളും.

ആശയങ്ങളെ ഇല്ലാതാക്കുകയും അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയോ അല്ലെങ്കില്‍ അത് ന്യൂനപക്ഷത്തിന്റേതാണെന്ന് വരുത്തിതീര്‍ക്കുകയോ ചെയ്യുകയെന്നതും ഫാസിസത്തിന്റെ രീതിയാണ്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നതും അതാണ്. നാടിനെ ഊട്ടുന്ന കര്‍ഷകര്‍ തങ്ങളുടെ നിലനില്‍പ്പിനായി പൊരുതുമ്പോള്‍, മനുഷ്യത്വമുളളവര്‍ അതിനെ പിന്തുണയ്ക്കും.  ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ കൊണ്ട് ഒരു പ്രക്ഷോഭത്തിന്റെ പ്രഭ കെടുത്തുകയല്ല പൗരബോധമുള്ള മനുഷ്യര്‍ ചെയ്യേണ്ടത്. കര്‍ഷക പ്രക്ഷോഭത്തിനൊപ്പം  നിലകൊള്ളുകയും അതിനെ  പിന്തുണയ്ക്കുകയും ചെയ്യുകയെന്നത് വര്‍ത്തമാനകാലത്ത് ഓരോ പൗരന്റേയും ധര്‍മ്മമായി തീര്‍ന്നിരിക്കുന്നുവെന്നതാണ് വസ്തുത.

ശീതസമരങ്ങള്‍ അവസാനിക്കുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയിലുള്ള മറകള്‍ മായുകയും ചെയ്ത പുതിയ നൂറ്റാണ്ടില്‍ ഒരു ജനത ജീവല്‍പ്രശ്‌നത്തെ ആധാരമാക്കി സ്വയം ഒരു പ്രക്ഷോഭമായി മാറുമ്പോള്‍ ലോക മനസ്സാക്ഷിയുടെ കണ്ണും കാതും അതിലേക്കെത്തുക സ്വാഭാവികമാണ്. മഞ്ഞുകട്ടകളാല്‍ മൂടിയ അന്റാര്‍ട്ടിക്കയില്‍ നിന്നുപോലും സമരത്തെ അനുകൂലിച്ച് പ്രതിഷേധജ്വാല ഉയര്‍ന്നുവരാം. ഈ പതിഷേധസ്വരങ്ങളെയോ അല്ലെങ്കില്‍ പിന്തുണാശബ്ദങ്ങളെയോ ഒന്നും ആര്‍ക്കും അടിച്ചമര്‍ത്താനാവില്ല. കര്‍ഷക സമരത്തെ പിന്തുണച്ച് റിഹാനയും ഗ്രെറ്റാ തുണ്ടന്‍ബര്‍ഗ്ഗിനെയും പോലുള്ളവര്‍ പ്രതികരിച്ചത് ലോകമൊരു തറവാടായി കാണുന്നവര്‍ എത്ര അസഹിഷ്ണുതയോടെയാണ് നോക്കികാണുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലും കാപിറ്റോള്‍ ടവറിന് നേരെയുണ്ടായ ആക്രമണങ്ങളിലും അഭിപ്രായവും ആശങ്കയും പങ്കുവെച്ച നമ്മള്‍ എത്രപെട്ടെന്നാണ് വാതിലുകള്‍ കൊട്ടിയടച്ച് നമ്മുടെ വീടിനെ സുരക്ഷിതമാക്കിയത്. 

കര്‍ഷക സമരത്തിനനുകൂലമായ ചെറുശബ്ദങ്ങള്‍ പോലും- അത് രാജ്യത്തിനകത്തു നിന്നായാലും പുറത്തുനിന്നായാലും രാജ്യദ്രോഹമായി മുദ്രയടിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. അസഹിഷ്ണുത മുഖമുദ്രയാക്കിയവര്‍ക്ക് എതിര്‍ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ല. ക്രിക്കറ്റ്, സിനിമാ മേഖലയില്‍ നിന്നുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച്് കര്‍ഷക സമരത്തിനനുകൂലമായ ലോകശബ്ദങ്ങള്‍ക്കെതിരെ പ്രചരണം നടത്തുകയെന്ന തന്ത്രമാണ് ഭരണകൂടം ഇപ്പോള്‍ പയറ്റുന്നത്. ക്രിക്കറ്റ് താരങ്ങളേയും സിനിമാതാരങ്ങളേയും ഇന്ത്യന്‍ ജനതയുടെ പരിച്ഛേദമായോ, ഭൂരിപക്ഷസ്വരമായോ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. അതായത് ന്യൂനപക്ഷം വരുന്ന ഒരുകൂട്ടം പ്രശസ്തരെക്കൊണ്ട് പ്രതികരിപ്പിക്കുകയും അതാണ് ഇന്ത്യയുടെ മനസ് എന്ന് വരുത്തിതീര്‍ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ ക്രിക്കറ്റ് താരങ്ങളോ സിനിമാതാരങ്ങളോ ഇന്ത്യയുടെ പരിച്ഛേദമോ ഭൂരിപക്ഷമോ അല്ല, ഒരിക്കലുമാകുകയുമില്ല. 

ബ്രിട്ടന്റെ കോളനികളില്‍ മാത്രം പ്രചാരം നേടിയ, ലോകത്തെ മിക്ക രാജ്യങ്ങളും തിരസ്‌കരിച്ച കായിക വിനോദമാണ് ക്രിക്കറ്റ്. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടു പോയിട്ടും അവരുടെ കായിക വിനോദത്തിന്റെ അടിമകളായി ഇന്ത്യന്‍ യുവത്വം പരിണമിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പടര്‍ത്തിയ രണ്ട് കാര്യങ്ങള്‍ വര്‍ഗീയതയും ക്രിക്കറ്റുമാണ്. ഒന്ന് അധികാരമായും മറ്റൊന്ന് പണക്കൊഴുപ്പിന്റെ ഉത്സകാഴ്ചയായും രൂപപരിണാമം നേടി. രണ്ടിനും കീഴടങ്ങിയ യുവാക്കള്‍ ലക്ഷ്യബോധമില്ലാത്ത ആള്‍ക്കൂട്ടങ്ങളായും പരിണമിച്ചു. 

കര്‍ഷകസമരത്തിനനൂകൂലമായ റിഹാനയുടെ ട്വീറ്റ്, അവരുടെ ഒരു ചോദ്യം പെട്ടെന്നാണ് സിനിമാ, ക്രിക്കറ്റ് മേഖലയിലെ താരങ്ങളെ ചൊടിപ്പിച്ചത്. പ്രതികരിച്ച താരങ്ങളുടെയെല്ലാം ഭാഷയും സ്വരവും ഒന്നായിരുന്നു. ഒരു കേന്ദ്രത്തില്‍ എഴുതി തയാറാക്കി പല പേരില്‍ പുറത്തിറക്കിയ നോട്ടീസ് പോലെ വിരസമായ വാക്യങ്ങള്‍. ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കികൊള്ളാം, നിങ്ങളാരും ഇടപെടേണ്ടതില്ലെന്ന വാക്യങ്ങളാണ് എല്ലാവരും ആവര്‍ത്തിച്ചിരിക്കുന്നത്. ഇങ്ങനെ പറയാന്‍ ഈ ക്രിക്കറ്റ് താരങ്ങള്‍ക്ക്, സച്ചിന്‍ തെണ്ടുല്‍ക്കറായാലും വിരാട് കോഹ്ലിയായാലും അജിക്യ രഹാനയായാലും ഒരു അവകാശവുമില്ല. 

രഞ്ജി ട്രോഫി മാത്രം കളിച്ച് പ്രാദേശിക ക്രിക്കറ്റ് ദെവങ്ങളായി ജീവിക്കുന്നവരല്ല ഇവര്‍. പഴയ ബ്രിട്ടീഷ് കോളനികളിലെല്ലാം ആരാധകരുള്ളവരും അവിടെ നിന്നും ഒഴുകിയെത്തുന്ന പണം സ്വീകരിക്കുന്നവരുമാണ് ഇവര്‍. തങ്ങളുടെ കീശ വീര്‍പ്പിക്കാനായി ഏത് രാജ്യവും സ്വീകാര്യമാകുകയും അതേസമയം ഭരണകൂടത്തിന് വഴങ്ങി ഒരു മഹത്തായ സമരത്തിനെതിരായ നിലപാട് എടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് മാത്രമാണ്. അല്ലെങ്കില്‍ തന്നെ ഈ ക്രിക്കറ്റ് താരങ്ങള്‍ക്ക് എന്താണ് സാമൂഹികപ്രതിബദ്ധത. ഈ നാടിന്റെ ഏത് വിഷയത്തിലാണ് അവര്‍ ഇടപെടാറുള്ളത്. രാജ്യസഭാ അംഗമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം കാര്‍ഷികബില്ലില്‍ എന്നല്ല, ഒരു കാര്യത്തിലും ഇതുവരെ രാജ്യസഭയ്ക്കുള്ളില്‍ വായ തുറന്നിട്ടില്ല. 

ബോളിവുഡായാലും കോളിവുഡായാലും മോളിവുഡായാലും സിനിമാതാരങ്ങളും നാടിന്റെ വിഷയത്തില്‍ മാവിലായിക്കാരാണ്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഇടപെട്ടിട്ടുള്ളവരല്ല, സെല്ലുലോയിഡിലെ താരദൈവങ്ങള്‍. നമ്മുടെ രാജ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് റീഹാനയോടും ഗ്രേറ്റയോടും പറയുന്ന ഇക്കൂട്ടര്‍ ചൈനീസ് അധിനിവേശം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല. ബോളിവുഡ് എപ്പോഴും വര്‍ണാഭമാണ്. പകിട്ടിന്റെ ലോകമാണത്. മണ്ണിന്റെ മണമോ, മനുഷ്യരുടെ ഗന്ധമോ അല്ല അവരുടെ ലഹരി. അത് വേറെ എന്തൊക്കെയോ ആണെന്ന് സുശാന്ത് സിങിന്റെ മരണമുണ്ടാക്കിയ വിവാദത്തിലൂടെ നാം അറിഞ്ഞതാണ്. ബോളിവുഡ് സിനിമകളുടെ പ്രധാന വിപണിയും വിദേശത്താണ്. ചൈന മുതല്‍ അമേരിക്ക വരെ നീളുന്ന ആ വിപണി നല്‍കുന്ന നാണയത്തുട്ടുകളാണ് ബോളിവൂഡിന്റെ കൊള്ളലാഭം. 

അപ്പോള്‍ എന്തിനെക്കുറിച്ചൊക്കെ മിണ്ടണമെന്നത് അജണ്ടകളുടെ മേല്‍ നിശ്ചിതമാക്കപ്പെടുന്നതാണ്. മണ്ണില്‍ പണിയെടുത്ത് പൊന്നുവിളയിച്ച് ഈ നാടിനെ ഊട്ടുന്ന കര്‍ഷകനെതിരെ എന്തും കണ്ണുമടച്ച് പറയാം. കാരണം അസംഘടിത ഭൂരിപക്ഷം തിരശീലയിലെ പകര്‍ന്നാട്ടങ്ങളില്‍ താരങ്ങളെ വീണ്ടും പുണരുമെന്ന് അവര്‍ക്കറിയാം. അഭ്രപാളിയിലെ വിപ്ലവവായാടിത്തങ്ങളില്‍ സ്വയമലിഞ്ഞ് ആത്മരതികൊണ്ട് അര്‍മാദിക്കുന്ന ആള്‍ക്കൂട്ടമായി മാത്രമേ അവര്‍ കര്‍ഷകരേയും മനുഷ്യരേയും കാണുന്നുള്ളൂ. 

കണക്കു പുസ്തകങ്ങളില്‍ നിന്നൊളിച്ച്, സമ്പാദിച്ച കോടികളുടെ മേല്‍ ഓഡിറ്റ് ഉണ്ടാകുമെന്ന് ഭയമുണ്ടാകും നിങ്ങള്‍ക്ക്. ഒന്നും ചിന്തിക്കാതെയല്ല നിങ്ങള്‍ പ്രതികരണത്തിന് ഇറങ്ങിപുറപ്പെട്ടിരിക്കുക. ഇ.ഡി, ഐ.ടി, സി.ബി.ഐ, എന്‍.ഐ.എ തുടങ്ങി സകലമാന ഏജന്‍സികളും നിങ്ങള്‍ക്ക് പിന്നാലെ വരുമെന്ന ഭയം. കള്ളപ്പണം സംരക്ഷിക്കാനായി നാടിനെ ഒറ്റുകയായിരുന്നുവെന്ന് ചരിത്രം നാളെ സാക്ഷി പറയും. 
ഈ രാജ്യത്തിന്റെ ഒന്നാമത്തെ അവകാശികള്‍ കര്‍ഷകനും, തൊഴിലാളികളുമാണ്. സ്വാതന്ത്ര്യ സമരത്തിന്റെ കനല്‍ പാതകളില്‍ നടന്നു നീങ്ങിയത് അവരാണ്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും. കര്‍ഷകരെ ഭൂസ്വാമികള്‍ എന്ന് ഭരണകൂടം മുദ്രചാര്‍ത്തുമ്പോള്‍, ചരിത്രത്ത തമസ്‌കരിക്കുക കൂടിയാണ് ചെയ്യുന്നത്. 

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ആഗോളകുത്തകകളായി വളര്‍ന്ന അംബാനിക്കും അദാനിക്കും മുന്നില്‍ സ്വന്തം കൃഷി ഭൂമി അടിയറ വെക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ പ്രധാന ലക്ഷ്യം. കര്‍ഷകരുടെ ഭൂമിയും അവരുടെ വിളയും കുത്തകകള്‍ക്ക് മാത്രം അവകാശപ്പെട്ടതാക്കി മാറ്റുന്ന നിയമത്തിനെതിരായ പോരാട്ടം പഞ്ചാബിലെയോ, ഹരിയാനയിലേയോ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരേയും ബാധിക്കുന്ന, ലോകത്തെ ബാധിക്കുന്ന ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയമാണ് അതുയര്‍ത്തുന്നത്. 

ലോകം ഇന്നൊരു ഗ്രാമമാണ്. ഒരു വിരല്‍തുമ്പില്‍ ഏത് കോണിലെ വിവരവും ലഭിക്കും. പഴയ ബാംബു കര്‍ട്ടനും ഐയേണ്‍ കര്‍ട്ടന്റേയുമൊക്കെ കാലം കഴിഞ്ഞുപോയി. ഡൊണാള്‍ഡ് ട്രംപ് എന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റിനെ ഇവിടെ ഇരുന്ന് നമ്മള്‍ വിമര്‍ശിച്ചിട്ടുണ്ട്. കാപിറ്റോള്‍ ടവറിന് നേരെ ആക്രമണം നടന്നപ്പോള്‍ ഇന്ത്യന്‍ പതാകയുമേന്തി ചിലര്‍ അതിന്റെ ഭാഗമായി. അവിടുത്തെ സെലിബ്രിറ്റികള്‍ ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാമെന്ന് പറഞ്ഞില്ല. അമേരിക്ക ഇറാനെ ആക്രമിച്ചപ്പോഴും വിയറ്റ്നാം യുദ്ധകാലത്തും സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനിന് പിന്തുണ നല്‍കിയപ്പോഴും മാത്രമല്ല, ഒരു കറുത്തവര്‍ഗ്ഗക്കാരനെ വര്‍ണവെറിയോടെ അമേരിക്കന്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നപ്പോഴും  ഇന്ത്യയിലുള്‍പ്പെടെ ലോകത്താകമാനം പ്രതിഷേധം ഉയര്‍ന്നു. ഇത് നമ്മുടെ സ്വന്തം കാര്യമാണ് ഞങ്ങള്‍ നോക്കികൊള്ളാമെന്ന് അമേരിക്കയില്‍ എങ്ങും ഹാഷ് ടാഗ് കാമ്പയിനുണ്ടായില്ല.

ക്രിക്കറ്റ് താരങ്ങളുടേയും സിനിമാതാരങ്ങളുടേതുമല്ല ഈ നാടിന്റെ ഭൂരിപക്ഷ ശബ്ദം. ഒരാള്‍ക്ക് ശ്രദ്ധലഭിക്കുന്നതുകൊണ്ട് മാത്രം, അതിന് പൊതുസമ്മതി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ഒരു നുണ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകുമെന്നത് രണ്ടാം ലോകമഹായുദ്ധത്തില്‍ ആത്മഹത്യ ചെയ്ത വലിയ സത്യമാണെന്ന് ഫാസിസ്റ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. താരങ്ങളെക്കാള്‍ പ്രഭ മിന്നാമിനുങ്ങിന്റെ നറുങ്ങുവെട്ടത്തിനുണ്ടെന്ന്് ഓരോ ഇരുള്‍കാടുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick