മോദിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു

Mon, 02/15/2021 - 21:35
ramesh chennithala at alappuzha

ആലപ്പുഴ: കൊച്ചിയില്‍ ബി.പി.സി.എല്‍. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കവാത്ത് മറന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രസര്‍ക്കാര്‍ സ്വകാര്യകുത്തകള്‍ക്ക് വില്ക്കാന്‍ വച്ചിരിക്കുന്ന ബി.പി.സി.എല്ലിലാണ് പ്രധാനമന്ത്രി  ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ കയ്യിലുള്ള ബി.പി.സി.എല്ലിന്റെ 53 ശതമാനം ഓഹരികളും സ്വകാര്യകമ്പനികള്‍ക്ക് വില്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വില്‍ക്കാനിട്ടിരിക്കുന്ന സ്ഥാപനത്തില്‍ വികസനം നടത്തിയാല്‍ അതിന്റെ ഗുണം വാങ്ങുന്നവര്‍ക്കാണ്.

ബി.പി.സി.എല്‍. വില്പനയ്‌ക്കെതിരെ വന്‍പ്രക്ഷോഭം നടന്നിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെ അടുത്തു കിട്ടിയിട്ടും മുഖ്യമന്ത്രി  പിണറായി വിജയന്‍ ഇതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പാതെ സൂത്രത്തില്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ പരോക്ഷമായി ഒരു പരാമര്‍ശം നടത്തി എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നു വരുത്തി തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്തിനാണ് ഈ ഒളിച്ചു കളി?

വ്യവസായ വികസനത്തിന് സ്വകാര്യ നിക്ഷേപം മാത്രം പോരാ എന്ന പൊതുപ്രസ്താവന മാത്രമാണ് പിണറായി നടത്തിയത്. അല്ലാതെ ലാഭത്തിലുള്ള ബി.പി.സി.എല്‍. സ്വകാര്യമേഖലയ്ക്ക് വില്ക്കുന്നതില്‍ സംസ്ഥാനത്തിനുള്ള പ്രതിഷേധം അദ്ദേഹം പ്രകടിപ്പിച്ചില്ല.

പ്രധാനമന്ത്രി വേദിയിലിരിക്കുമ്പോള്‍ അതിന് പറ്റിയ സമയമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നു.

മുഖ്യമന്ത്രി ഇംഗ്ലീഷിലാണ് പ്രസംഗം തുടങ്ങിയത്. എന്നാല്‍, തന്റെ പരോക്ഷ വിമര്‍ശനത്തിന്റെ സമയമെത്തിയപ്പോള്‍ മുഖ്യമന്ത്രി പ്രസംഗം മലയാളത്തിലേക്ക് മാറ്റി. തന്റെ പരോക്ഷ വിമര്‍ശനം പോലും മോദിക്ക് മനസ്സിലാവരുത് എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. അതേ സമയം വിമര്‍ശിച്ചു എന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുകുയം വേണം.

ഈ തിരഞ്ഞെടുപ്പു കാലത്ത് പോലും മോദിക്ക് മുന്നില്‍ നല്ല കുട്ടിയായിരിക്കാനാണ് പിണറായി ശ്രമിച്ചത്.

പൗരത്വ ഭേദഗതി നിയമം

യു.ഡി.എഫ്.അധികാരത്തില്‍ വന്നാല്‍ കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സ്വീകരിച്ചിട്ടുള്ള നയമാണിത്.

ഇന്നലെ ആസാമിസില്‍ രാഹുല്‍ഗാന്ധി ഇത് പ്രഖ്യാപിച്ചിരുന്നു. സി.എ.എ. ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സംസ്ഥാനം ആസാമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അസാമില്‍ സി.എ.എ. നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ചു.

സി.എ.എ. ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്നതാണ്. മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. അതിനെതിരെ ശക്തമായി പോരാടുന്നത് കോണ്‍ഗ്രസാണ്. കേരളത്തില്‍ സി.എ.എ.യ്ക്ക് എതിരായ സംയുക്ത പ്രക്ഷോഭത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് പ്രതിപക്ഷനേതാവാണ്.

പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തതിനെടുത്ത ആയിരക്കണക്കിന് കേസുകള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. അത് പിന്‍വലിക്കണം. ഈ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അവ പിന്‍വലിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick