വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 24വര്‍ഷം തടവ്

Fri, 02/12/2021 - 14:18
vithura sex scam culprint suresh

കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍) 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും. പിഴതുകയായ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി -രണ്ട് ജഡ്ജി ജോണ്‍സന്‍ ജോണ്‍ ആണ് കേസില്‍ വിധി പറഞ്ഞത്. ഇനി 23 കേസുകളില്‍ ഇയാള്‍ക്കെതിരെ വിധി പറയാനുണ്ട്. 

പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ  കോടതി വിധിച്ചിരുന്നു.  പെണ്‍കുട്ടിയെ അന്യായമായി തടങ്കലിലാക്കല്‍,  വ്യഭിചാരത്തിനായി വില്‍പ്പന, വ്യഭിചാരശാല നടത്തിപ്പ് എന്നീ കുറ്റകൃത്യം പ്രതിക്കെതിരെ തെളിഞ്ഞു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല.

1995 ഒക്ടോബര്‍ 23ന് രാത്രി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  അയല്‍വാസി അജിതാബീഗമാണ് തട്ടിക്കൊണ്ടുപോയി സുരേഷിന് വില്‍ക്കുന്നത്. സുരേഷ്  പീഡിപ്പിച്ചശേഷം പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം കൈപ്പറ്റി  കൈമാറ്റം ചെയ്തെന്നും  അവര്‍ കേരളത്തിനകത്തും പുറത്തും കൊണ്ടുപോയി ഒമ്പത് മാസം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ്   കേസ്.

പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയ ആന്റോ എന്ന സാക്ഷി അമേരിക്കയില്‍ സ്ഥിരതാമസക്കാരനായതിനാല്‍  വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി മൊഴി രേഖപ്പെടുത്തി.  പ്രോസിക്യൂഷനുവേണ്ടി   സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ ഹാജരായി.

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. കേസില്‍ പിടിയിലായ ശേഷം ജാമ്യത്തില്‍ മുങ്ങുകയായിരുന്നു. ആകെ 24 കേസുകളില്‍ രണ്ട് ഘട്ടങ്ങളായി നടന്ന വിചാരണയില്‍ 36 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയിച്ചിരുന്നു. വിചാരണ നടന്ന കേസിലെ പ്രതികളെയെല്ലാം വിട്ടയച്ചതോടെയാണ് ഒന്നാം പ്രതിയായ സുരേഷ് 18 വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങിയത്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick