മതേതര സര്‍ക്കാരിന് ലജ്ജ തോന്നുന്നില്ലേ?

Wed, 02/10/2021 - 09:56
anandapadmanabhaswami temple

തിരുവനന്തപുരം ജില്ലയില്‍ രണ്ട് തഹസീല്‍ദാറുടെ പുനര്‍നിയമനം വിവാദമായ പശ്ചാത്തലത്തില്‍ ഇതിനോട് പ്രതികരിക്കുകയാണ് ഇടതു മാധ്യമ പ്രവര്‍ത്തകനായ ജി.ശക്തിധരന്‍. 
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തഹസീല്‍ദാര്‍മാരെ സ്ഥലംമാറ്റിയിരുന്നു. തിരുവനന്തപുരത്ത് കെ.അന്‍സാറിനേയും നെയ്യാറ്റിന്‍കരയില്‍ കെ.സുരേഷിനെയുമാണ് നിയമിച്ചത്. എന്നാല്‍ ഇതിനെതിരെ സംഘപരിവാര്‍ രംഗത്തെത്തി. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പള്ളിവേട്ട നടക്കുമ്പോള്‍ വേട്ടക്കളം ഒരുക്കേണ്ടതും ആറാട്ടിന് അകമ്പടി സേവിക്കേണ്ടതും തിരുവനന്തപുരം തഹസീല്‍ദാര്‍ ആണെന്നും അതിനാലാണ് ഇവിടെ ഹിന്ദുവിനെ തന്നെ തഹസീല്‍ദാറായി നിയമിക്കുന്നതെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ നിലപാട്. 

സംഘ്പരിവാര്‍ വാളെടുത്തതോടെ ഇടതുസര്‍ക്കാര്‍ തഹസീല്‍ദാര്‍മാരുടെ പുനര്‍നിയമനം നടത്തി. കെ.അന്‍സാറിനെ നെയ്യാറ്റിന്‍കരയിലേക്കും കെ.സുരേഷിനെ തിരുവനന്തപുരത്തേക്കും മാറ്റി പ്രതിഷ്ടിച്ചു. ഇത്തരത്തില്‍ സംഘ്പരിവാറിന് കീഴടങ്ങാന്‍ ഇടതുമുന്നണി സര്‍ക്കാരിന് ലജ്ജയില്ലേ എന്ന് ചോദിക്കുകയാണ് ജി.ശക്തിധരന്‍

ജി.ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുസ്ലിമിന്റെ  രക്തം  വേണം;
പക്ഷെ  പാദസ്പര്‍ശം  പാടില്ല 

എവിടെ ഹിന്ദു ക്ഷേത്രം  ഉണ്ടോ അവിടങ്ങളില്‍  ഇനി  മുസ്ലിം ഉദ്യോഗസ്ഥന്‍  സര്‍ക്കാര്‍ ജോലിയില്‍ ഉത്തരവാദപ്പെട്ട  പദവികളില്‍  പാടില്ലത്രെ!  എന്ത് വിചിത്രമായ  ആചാരം! മതേതര  ഭരണത്തിന് നേതൃത്വം നല്‍കുന്ന കേരള  സര്‍ക്കാര്‍ തന്നെയാണ്  വര്‍ഗീയ ജ്വരം  ബാധിച്ച ചിലരുടെ കടുത്ത സമ്മര്‍ദ്ദത്തിന്  കീഴ്‌പ്പെട്ടു ഇനി മുതല്‍ തലസ്ഥാനത്തു  ഈ കീഴ്‌വഴക്കം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കേരളം വീണ്ടും ഭ്രാന്താലയമാകുകയാണോ? തിരുവനന്തപുരം തഹസില്‍ദാരായി  മൂന്നു ദിവസം മുന്‍പ്  ഒരു  മുസ്ലിം  നിയമിക്കപ്പെട്ടതാണ്  ചിലര്‍ക്ക്  സഹിക്കാത്തത്. അവര്‍ ഭരണത്തില്‍ സ്വാധീനം ചെലുത്തി,സമ്മര്‍ദ്ദം ചെലുത്തി   അദ്ദേഹത്തെ തെറിപ്പിച്ചു. എവിടെപ്പോയി  നമ്മുടെ മതേതര വിപ്ലവ  സിംഹങ്ങള്‍. ഇവിടെ ഇപ്പോഴും രാജവാഴ്ചയാണോ?. എന്തേ  വിവേകമുള്ള ഒരാളുടെയെങ്കിലും  ശബ്ദം  ഇതിനെതിരെ  ഉയരാത്തത്. 

ഇന്ത്യയില്‍  ഉത്തര്‍പ്രദേശിലെ  മഥുരയില്‍ അടക്കം   ആയിരക്കണക്കിന്  ക്ഷേത്രങ്ങളും മുസ്ലിം  ദേവാലയങ്ങളും  തോളുരുമ്മി  നില്‍പ്പുണ്ട്. ഇരു  മതങ്ങളുടെയും ഉത്സവങ്ങള്‍ അവിടെ ഒരു  പ്രശ്‌നവും  ഇല്ലാതെ നടക്കുന്നുണ്ട്. അന്തപുരിയില്‍   ക്ഷേത്രോത്സവം നടക്കുമ്പോള്‍  ആ പരിസരത്തെ  താലൂക്കിലെ  ഉദ്യോഗസ്ഥ വൃന്ദത്തില്‍  മുസ്ലിം പാടില്ലത്രേ! ഇത് ഈ ഭരണത്തിന് ഭൂഷണമാണോ? 

 ഹിമാലയത്തിലേക്കുള്ള  ഏറ്റവും  ശ്രേഷ്ഠമായ  അമര്‍നാഥ്  യാത്രയില്‍  ദുരന്തങ്ങള്‍  പതിവാണ്. ധാരാളം പേര്‍  മരിക്കാറുണ്ട്. പരിക്കേല്‍ക്കാറുണ്ട്. ആ സംഭവങ്ങളില്‍  ആ പ്രദേശങ്ങളിലേ  മുസ്ലിം സഹോദങ്ങള്‍ ആണ് അവിടത്തെ  ആശുപത്രികളില്‍  നിരനിരയായി  നിന്ന്  രക്തം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍  നടത്തുന്നത്.അവിടത്തെ  സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍  ഏറിയ പങ്കും  മുസ്ലിം സഹോദരങ്ങള്‍ ആണ്. അവിടെ  മുസ്ലിം രക്തത്തിന് ആര്‍ക്കും  അയിത്തമില്ല.മുസ്ലിം സഹോദങ്ങള്‍  മരണവുമായി  മല്ലിടുന്ന ഹിന്ദുക്കളുടെ  ജീവന്‍     രക്ഷിക്കാന്‍  അള്ളാഹുവിനോട്  പ്രാര്‍ത്ഥിക്കുന്ന  ദൃശ്യങ്ങള്‍ എത്രവേണമെങ്കിലും  കാണാനാകും. പക്ഷെ അനന്തപുരിയിലെ  തഹസില്‍ദാര്‍  മുസ്ലിം ആകാന്‍ പാടില്ലത്രേ! ചെകുത്താന്മാര്‍  തന്നെ .ചെകുത്താന്‍മാര്‍. അതിന് വഴങ്ങിക്കൊടുക്കാന്‍  ഒരു മതേതര സര്‍ക്കാരും!ലജ്ജ തോന്നുന്നില്ലേ.
 
കാശ്മീരില്‍  ആനന്ദനാഗ്  ജില്ലയില്‍  കര്‍ഫ്യൂ  നിലനില്‍ക്കുമ്പോള്‍   തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു കൂട്ടമരണം  ഉണ്ടായപ്പോള്‍  അവരെ മുഴുവന്‍ രക്ഷപ്പെടുത്താന്‍  പരിശ്രമിച്ചത്  മുസ്ലിം സഹോദരങ്ങള്‍  ആണ്. നാഷണല്‍ ഹൈവേ  1  എ യിലായിരുന്നു  ദുരന്തം.  ഞാനും കുടുംബസമേതം  ഈ റോഡിലൂടെ  ജമ്മുവിലേക്ക് കാറില്‍  പോയിട്ടുണ്ട്. രവി-ബിയാസ് നദിക്കരികില്‍  നിന്ന് ഫോട്ടോ എടുത്തപ്പോള്‍  സൈനികരുടെ പിടിയിലായി. അതൊരു നിരോധിത  മേഖലയായിരുന്നു എന്നത്  അറിഞ്ഞിരുന്നില്ല . പലപ്പോഴും  കര്‍ഫ്യൂ  നിലനില്‍ക്കുന്ന  ഇവിടങ്ങളില്‍   ജീവന്‍     പണയം വെച്ചാണ്  മുസ്ലിംങ്ങള്‍ രക്ഷാ പ്രവര്‍ത്തനം  നടത്തുന്നത്. ഇത്തരത്തിലുള്ള എത്രയോ സ്ഥലങ്ങള്‍   ഇന്ത്യയുടെ  ഭൂപടത്തില്‍ ഉണ്ട്. അവിടെ ഒന്നും തര്‍ക്കങ്ങള്‍ ഇല്ല. അവിടെയുള്ളത്  അനന്തപുരിയിലെ  'പരിഷ്‌കൃത  മനുഷരല്ല' അതാണ് വ്യത്യാസം.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick