മ്യാന്‍മറില്‍ പട്ടാള അട്ടിമറി; സൂ ചിയെ തടവിലാക്കി

Mon, 02/01/2021 - 15:14
myamar military coup

യാങ്കൂണ്‍: മ്യാന്‍മറില്‍  വീണ്ടും പട്ടാളം  അട്ടിമറി നടത്തി ഭരണം പിടിച്ചു . സമാധാന നൊബേല്‍ ജേതാവ് ഓങ് സാങ് സൂചിയും പ്രസിഡന്റ്  വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ  പട്ടാളം തടവിലാക്കി.

ഔദ്യോഗിക  ടിവി, റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു. മാധ്യമങ്ങള്‍ക്കും വിലക്കാണ്. മൊബൈല്‍ സേവനങ്ങളും തടസ്സപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഓങ് സാന്‍  സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാളഅട്ടിമറി. ഒരു വര്‍ഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയുമാണ് സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്.  

.നവംബര്‍ എട്ടിന്  നടന്ന തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.  സൂചിയുടെ നേതൃത്വത്തില്‍ ഭരണസമിതി ഇന്ന് ചേരാനിരിക്കെയാണ് പട്ടാളത്തിന്റെ അപ്രതീക്ഷിത നീക്കം. 

തെരഞ്ഞെടുപ്പില്‍ 476 സീറ്റില്‍ 396ലും എന്‍.എല്‍.ഡിക്കായിരുന്നു വിജയം. സൈന്യത്തിന്റെ പിന്തുണയുള്ള യു.എസ്.ഡി.പിയായിരുന്നു പ്രധാന പ്രതിപക്ഷം. ഇവര്‍ക്ക് 33 സീറ്റ് മാത്രമാണ് നേടാനായത്. 

50 വര്‍ഷത്തെ പട്ടാള ഭരണത്തിന് ശേഷം 2015ലാണ് ജനാധിപത്യ രീതിയില്‍ മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് നടന്നത്. എങ്കിലും പ്രധാനപ്പെട്ട അധികാര സ്ഥാനങ്ങളെല്ലാം സൈന്യം തന്നെയാണ് കയ്യാളിയിരുന്നു. ഇതില്‍ മാറ്റം വരുത്തുന്ന വിധം ഭരണഘടന ഭേദഗതി ചെയ്യുമെന്നായിരുന്നു എന്‍.എല്‍.ഡിയുടെ പ്രധാന വാഗ്ദാനം. ഇതാണ് പട്ടാണ അട്ടിമറിയുടെ പ്രധാന കാരണമെന്ന്് സൂചനയുണ്ട്.  പ്രധാന പ്രതിപക്ഷമായ യു.എസ്.ഡി.പി തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ചിരുന്നു. 83 ശതമാനം സീറ്റുകള്‍ നേടിയ  തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല.  ഭരണസമിതി ചേരരുതെന്ന് സൈന്യം എന്‍.എല്‍.ഡിയോട് നിര്‍ദ്ദേശിച്ചിരുന്നു. സൈന്യത്തിന്റെ ഈ നിര്‍ദ്ദേശം മറികടന്ന് ഇന്ന് ഭരണ സമിതി കൂടാനിരിക്കെയാണ് സൈനിക അട്ടമറി നടന്നത്. 

പ്രധാന നഗരങ്ങളെല്ലാം സൈന്യം നിയന്ത്രണം ഏറ്റെടുത്തു. ഭരണകക്ഷി നേതാക്കളെ മുഴുവന്‍ തടവിലാക്കി. പട്ടാള അട്ടിമറിയോട് അമേരിക്ക കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സൈന്യം പിന്മാറിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതേസമയം 2015ല്‍ സൈനീക ഭരണം അവസാനിച്ച് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും റോഹിന്‍ഗ്യന്‍ മുസ്ലിംകളോടുള്ള നിലപാടില്‍ മാറ്റമുണ്ടായിരുന്നില്ല. സൂചിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സൈനിക നിലപാടാണ് റോഹിന്‍ഗ്യന്‍ വംശജരോട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick