മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; ചരിത്രത്തിലാദ്യം

Sat, 01/30/2021 - 22:18
pinarayi vijayan

തിരുവനന്തപുരം: നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയസംവാദം നടത്തുന്നു. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11 തീയതികളിലാണ് പരിപാടി. ആദ്യമായാണ് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിന് വേദിയൊരുക്കുന്നത്. 

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മുഖ്യമന്ത്രിയുടെ കാമ്പസ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഭരണത്തിലേറി നാലര വര്‍ഷം വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത് പ്രഹസനമാണെന്നാണ് ആക്ഷേപം. അതേസമയം മുഖ്യമന്ത്രി പുതിയ ചിന്തക്കും ആശയത്തിനും തുടക്കം കുറിക്കുകയാണെന്ന പ്രതീക്ഷ പുലര്‍ത്തുന്നവരും ഏറെയാണ്. 

ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വ്വകലാശാലയിലും എട്ടാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13ന് കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്. 

ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍
നിര്‍ദ്ദേശം സമര്‍പ്പിക്കും. ജോണ്‍ ബ്രിട്ടാസ്,  വീണാ ജോര്‍ജ്ജ് എം.എല്‍.എ, അഭിലാഷ് മോഹന്‍, നികേഷ് കുമാര്‍, ജി.എസ്. പ്രദീപ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായി എത്തും. 

പരിപാടിയോനുബന്ധിച്ച് ജി.എസ്. പ്രദീപിന്റെ 'ഇന്‍സ്പയര്‍ കേരള' എന്ന പ്രത്യേക ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് കുസാറ്റില്‍ കുസാറ്റ്, കെ.ടി.യു, ആരോഗ്യസര്‍വ്വകലാശാല, ന്യുവാല്‍സ്, ഫിഷറീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ആറിന് കേരളസര്‍വ്വകലാശാലയില്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. എട്ടിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തുന്ന പരിപാടിയില്‍ എം.ജി, സംസ്‌കൃത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

11ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കാലിക്കറ്റ്, കാര്‍ഷിക സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ പരിപാടിയുടെ ഭാഗമാകും. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 13ന് കണ്ണൂരിന് പുറമേ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല, വെറ്റിറനറി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick