ജനങ്ങളെ കൊന്നുതിന്നുന്ന സര്‍ക്കാരുകള്‍: പെട്രോള്‍ വില 29.78 രൂപ; നികുതി 51.89 രൂപ

Fri, 01/29/2021 - 11:20
petrol price

തിരുവനന്തപുരം:  ഇന്ധന നികുതിയുടെ പേരില്‍ പിടിച്ചുപറിയാണ് സര്‍ക്കാരുകള്‍ നടത്തുന്നത്. അതും കഴുത്തിന് കുത്തിപ്പിടിച്ചുള്ള പിടിച്ചുപറി. കൊടുക്കാതിരിക്കാനാകില്ല, കാരണം ജീവിതത്തോളം വില വേറൊന്നിനുമില്ലല്ലോ?

പെട്രോള്‍, ഡീസല്‍ വില 90ന് അടുത്തെത്തി. സെഞ്ചുറി തികക്കാന്‍ ഇനി ഏറെ ദൂരമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴും ഇന്ത്യയില്‍ കൂടുകയാണ്. വില കുറയുമ്പോള്‍ നികുതി കൂട്ടി വില പിടിച്ചുനിര്‍ത്തുന്ന വലിയ തന്ത്രമാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ഇതിന്റെ നേട്ടം സംസ്ഥാന സര്‍ക്കാരിനുമുണ്ട്. 
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വരുമാനം ഇന്ധന നികുതിയാണ്. പെട്രോളിന്റേയും ഡീസലിന്റേയും വില കുറഞ്ഞപ്പോള്‍ വരുമാനം കുറയാതിരിക്കാന്‍ നികുതി കൂട്ടി. വില കൂടുമ്പോള്‍ നികുതി കുറയ്ക്കുമെന്നായിരുന്നു വാഗ്ദാനം. വില കൂടിയിട്ടും നികുതി കുറയുന്നില്ല. പൂച്ചക്ക് ആര് മണികെട്ടും എന്ന തര്‍ക്കത്തിലാണ് ഇന്ധന നികുതിയുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. സംസ്ഥാനം കുറയ്ക്കട്ടെയെന്ന് കേന്ദ്രവും കേന്ദ്രം കുറയ്ക്കട്ടെ എന്ന് സംസ്ഥാനങ്ങളും. പാവം ജനങ്ങളുടെ നടുവൊടിഞ്ഞാല്‍ ആര്‍ക്കും ഛേദം. 

ഇന്ധനവില ഉയരുമ്പോള്‍ പെട്രോളിയം കമ്പനികള്‍ക്കൊപ്പം നേട്ടംകൊയ്യുന്നത് പ്രധാനമായും കേന്ദ്ര സര്‍ക്കാരാണ്. വിലയുടെ മൂന്നിലൊന്നിലേറെ കേന്ദ്ര സര്‍ക്കാരാണ് കൊള്ളയടിക്കുന്നത്. വ്യാഴാഴ്ചത്തെ വില അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് കേന്ദ്ര സര്‍ക്കാരിനുള്ള വരുമാനം 31.73 രൂപ. കേരളത്തിന് 20.16 രൂപയും. 

ബുധനാഴ്ച ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86.46 രൂപയായിരുന്നു. ദൂരവ്യത്യാസമനുസരിച്ച് ഓരോ ജില്ലയിലും ചെറിയ മാറ്റമുണ്ടാകും. 29.78 രൂപ മാത്രമാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില. ബാക്കിയെല്ലാം നികുതിയാണ്. ചെറിയൊരു ശതമാനം മാത്രമാണ് വില്‍പന കമ്മീഷന്‍.

ഒരു ലിറ്റര്‍ പെട്രോളില്‍ 2.98 രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന എക്സൈസ് ഡ്യൂട്ടി. വില കുറഞ്ഞപ്പോള്‍ വരുമാനം കുറയാതിരിക്കാനായി അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയായി 12 രൂപ  കൂടി ചേര്‍ത്തു. ഇതു കൂടാതെ റോഡ് സെസായി 18 രൂപയും ലഭിക്കും. കേന്ദ്രത്തിന് ലഭിക്കുന്നത് 33 രൂപയോളം. കേന്ദ്ര നികുതിയും പെട്രോളിന്റെ അടിസ്ഥാനവിലയും ചേര്‍ത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 62.96 രൂപ. ഇതിന് മേലാണ് സംസ്ഥാനത്തിന്റെ വില്‍പന നികുതി 30.08 ശതമാനം. അതായത് 18.94 രൂപ. അഡീഷണല്‍ വില്‍പ്പന നികുതി ഒരു രൂപയും സെസ് ഇനത്തില്‍ 20 പൈസയും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയില്‍നിന്നുള്ള രണ്ടു പൈസയും ചേര്‍ത്ത് കേരളത്തിന് ലഭിക്കുന്നത് 20.16 രൂപ. 

ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയായ 12 രൂപ കുറച്ചാല്‍ തന്നെ വിലയില്‍ ഗണ്യമായ കുറവുണ്ടാകും.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick