പാലാ വേണമെങ്കില്‍ കാപ്പന് പാര്‍ട്ടി മാറണം; എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ

Thu, 01/07/2021 - 13:26
mani c kappan, sarath pawar, ncp

തിരുവനന്തപുരം: പാലായില്‍ മിന്നുന്ന പ്രകടനത്തോടെ നിയമസഭയിലെത്തിയ മാണി സി കാപ്പന് ഇനി പാലായില്‍ മത്സരിക്കണമെങ്കില്‍ മുന്നിലുള്ള ഏക പോംവഴി കൂടുമാറ്റം. എന്‍.സി.പി.യേയും ഇടതുമുന്നണിയേയും വിട്ട് യു.ഡി.എഫ് പാളയത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയിലേക്ക്  ചെക്കേറിയില്ലെങ്കില്‍ മാണി സി. കാപ്പന് നിയമസഭയിലേക്ക് മത്സരിക്കണമെങ്കില്‍ വേറെ ഏതെങ്കിലും മണ്ഡലം കണ്ടെത്തേണ്ടി വരും. 

പാലാ സീറ്റിന്റെ പേരില്‍ മുന്നണി മാറ്റം വേണ്ടെന്ന ഉഗ്രശാസന ശരത് പവാര്‍ മാണി സി കാപ്പനെ അറിയിച്ചു കഴിഞ്ഞു. മുംബൈയിലേക്ക് വിളിച്ചു വരുത്തിയാണ് എന്‍.സി.പി ദേശീയ നേതൃത്വം പാര്‍ട്ടിയുടെ നിലപാട് കാപ്പനെ ധരിപ്പിച്ചത്. 

ഒരു സീറ്റിന്റെ പേരില്‍ മറ്റ് സീറ്റുകളിലെ സാധ്യതകള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലെന്നതാണ് ശരത് പവാറിന്റെ നിലപാട്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇന്നലെ മന്ത്രി എ.കെ ശശീന്ദ്രന്‍ ദേശീയ നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശശീന്ദ്രന്‍ കേരളത്തില്‍ ഇടതുമുന്നണിക്ക് തുടര്‍ഭരണ സാധ്യത മുന്നിലുണ്ടെന്നും, മുന്നണി മാറ്റം കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നുമാണ് നിലപാടെടുത്തത്. 

സീറ്റ് ചര്‍ച്ച ആരംഭിക്കാനിരിക്കെ മുന്‍കൂട്ടി തീരുമാനമെടുക്കുന്നതിന് പകരം ഇടതുമുന്നണിയില്‍ നിന്ന് പരമാവധി നേട്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്നതായിരിക്കും ഉചിതമെന്നും ശശീന്ദ്രന്‍ ധരിപ്പിച്ചു. ശശീന്ദ്രന്റെ നിര്‍ദ്ദേശത്തോടാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം. 

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പാലാ മണ്ഡലം ജീവശ്വാസമാണ്. കെ.എം മാണിയുടെ സ്വന്തം മണ്ഡലം ജോസ് പക്ഷം ഇടതു മുന്നണിയില്‍ എത്തിയപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു. തങ്ങളുടെ പരമ്പരാഗത സീറ്റില്‍ ജോസ് വിഭാഗം വിട്ടുവീഴ്ച ചെയ്യില്ലെന്ന് എന്‍.സി.പിക്കും ഉറപ്പുണ്ട്. ഈ സാഹചര്യത്തില്‍ മാണി സി കാപ്പന് മുന്നില്‍ രണ്ട് വഴികളാണ് ശേഷിക്കുന്നത്. ഒന്നുകില്‍ പാര്‍ട്ടി മാറി പാലാ സീറ്റ് ഉറപ്പാക്കുക. അല്ലെങ്കില്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് വിട്ടുനല്‍കി മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് കൂടുമാറുക. മാണി സി. കാപ്പന്റെ തീരുമാനം എന്താണെങ്കിലും ഒരു കൂടുമാറ്റമില്ലാതെ അദ്ദേഹത്തിന മുന്നോട്ടു പോകാനാകില്ല. പാല വീണ്ടും ശ്രദ്ധാകേന്ദ്രമാകുമെന്ന കാര്യത്തിലും മറുപക്ഷമുണ്ടാകില്ല.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick