കേരളത്തെ അപമാനിക്കാന്‍ ആസൂത്രിത നീക്കം: മുഖ്യമന്ത്രി

Sat, 07/10/2021 - 22:29
pinarayi vijayan

തിരുവനന്തപുരം:  കേരളം നിക്ഷേപാനുകൂലമല്ല എന്നത് കാലഹരണപ്പെട്ട വാദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴകിയ 
ഈ വാദം ഇപ്പോഴും ഉയര്‍ത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ദേശീയ തലത്തില്‍ മികച്ച നിക്ഷേപ 
സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ്  ഈ മാസം പ്രസിദ്ധപ്പെടുത്തിയ  
സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം 
ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ്  ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. 

നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ 
ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍  മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍  നാലാം സ്ഥാനവും കേരളത്തിന്  കൈവരിക്കാനായി. 

2016 മുതല്‍ വ്യവസായ നിക്ഷേപാനുകൂല 
നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട്‌പോകുന്നത്. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി 
സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു. 

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി  സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരാതി രഹിത 
സംവിധാനമുണ്ടാക്കും.
നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ 
സംസ്ഥാനത്തെ എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്. 

എംഎസ്എംഇ കള്‍ക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. കൊച്ചി  ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ  ഡിസംബറില്‍ പൂര്‍ത്തിയാക്കും. 

നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ 
ഒട്ടേറെ നടപടികളാണ്  സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍  ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള  ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് 
ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി.

30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍  കല്പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു.
മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം.  മൂന്നുവര്‍ഷം കഴിഞ്ഞ് 
ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick