അഡ്വക്കേറ്റ് കമ്മീഷനും ആമീനും പൊലീസും രാജന്റെ വീട്ടിലെത്തിയത് കോടതിവിധി ലംഘിച്ച്

Thu, 12/31/2020 - 10:47
neyyattinkara, rajan suicide

തിരുവനന്തപുരം: സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച രാജന്റേയും അമ്പിളിയുടേയും മരണത്തിന് ഉത്തരവാദികള്‍ പൊലീസും കോടതി ഉദ്യോഗസ്ഥരും. പരാതിക്കാരി വസന്തക്ക് വേണ്ടി പൊലീസും കോടതി ഉദ്യോഗസ്ഥരും രാജന്റെ വീട്ടിലെത്തിയത് കോടതി ഉത്തരവ്  മറച്ചുവെച്ചുകൊണ്ടാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.

കുടിയൊഴിപ്പിക്കല്‍ ജനുവരി നാല് വരെ നിര്‍ത്തിവെച്ചുള്ള മുന്‍സിഫ് കോടതിയുടെ വിധി

രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കണം എന്ന് നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിധി നടപ്പാക്കുന്നതു ജനുവരി നാല് വരെ നിര്‍ത്തിവച്ച് അതേ കോടതി തന്നെ ഉത്തരവ് നല്‍കിയിരുന്നു.  ഇത് മറച്ചു വച്ചാണ് പൊലീസ് അമിതാവേശം കാണിച്ച് ഒരു കുടുംബം തകര്‍ത്തത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാജനെ അത് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെ കുടിയിറക്കുകയായിരുന്നു പൊലീസ്. നിയമപരമായി കുടിയിറക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട പൊലീസ് കയ്യൂക്കും മുഷ്‌ക്കും കൊണ്ട് വസന്തക്ക് വേണ്ടി വിടുവേല ചെയ്യുകയായിരുന്നു അവിടെ. നിയമപാലനത്തിന്റെ മറവില്‍ നഗ്നമായനിയമ ലംഘനാണ് പൊലീസ് നടത്തിയത്. ഇതിന് കോടതി ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നത്. രാജന് അനുകൂലമായി ഹൈക്കോടതി വിധിയും വന്നിരുന്നു. ഇത് കയ്യില്‍ കിട്ടുന്നതിന് മുമ്പ് രാജനേയും കുടുംബത്തേയും തെരുവിലിറക്കി വിടാന്‍ പൊലീസിന് ആരാണ് ഉത്തരവ് നല്‍കിയത്. 

മുന്‍സിഫ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയിരിക്കുന്ന സാഹചര്യത്തിലും കോടതി ക്രിസ്മസ് അവധിയിലേക്ക് പ്രവേശിക്കുന്നതിനാലും 15ാം തീയതിയിലെ കുടിയിറക്കാനുള്ള വിധി ജനുവരി നാലാം തീയതി വരെ സ്റ്റേ ചെയ്തിരിക്കുന്നുവെന്ന് മുന്‍സിഫ് കോടതി നടത്തിയ വിധി പ്രസ്താവം കയ്യില്‍വെച്ചുകൊണ്ടാണ് അഭിഭാഷക കമ്മീഷനും ആമീനും രാജനെയും കുടുംബത്തേയും കുടിയിറക്കാന്‍ മുന്നിട്ടിറങ്ങിയത്. ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകേള്‍വിയുള്ള കലാപരിപാടിയാണ് കോടതി ഉത്തരവിന്റെ മറവില്‍ നെയ്യാറ്റിന്‍കര പൊലീസ് രാജന്റെ വീട്ടില്‍ അവതരിപ്പിച്ചത്. 

അഡ്വക്കേറ്റ് കമ്മീഷനും ആമീനും പൊലീസും ചേര്‍ന്ന് വസന്തക്ക് വേണ്ടി നടത്തിയ നാടകത്തില്‍ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് നഷ്ടമായത് സ്വന്തം മാതാപിതാക്കളെയാണ്. പൊലീസും കോടതി ഉദ്യോഗസ്ഥരും കോടതിവിധി ലംഘിച്ച് നിയമവാഴ്ചയെ തട്ടിതകര്‍ക്കാന്‍ മാത്രം വസന്തയുടെ പിടിപാട് എന്തെന്നചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

കോടതി ഉത്തരവ് പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് കൂടുതല്‍ വ്യാപ്തി ഉണ്ടാകേണ്ടതുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാനെന്ന പേരില്‍  കോടതി വിധിയെതന്നെ ലംഘിച്ചിരിക്കുകയാണ് പൊലീസ്. ഇത് ഗൗരവതരമായ കുറ്റമാണ്. 

ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ് നെയ്യാറ്റിന്‍കരയിലെ സംഭവം. ആദ്യാവസാനം ദുരൂഹതയുടെ ഇരുട്ട് നിറഞ്ഞിരിക്കുകയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ നടപടിയില്‍. പൊലീസുകാരനാണ് തന്നെ അപായപ്പെടുത്തിയതെന്ന രാജന്റെ മരണമൊഴി ഒരു വശത്ത്. ജനുവരി നാല് വരെ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു കൊണ്ടുള്ള കോടതി ഉത്തരവ് മറവശത്ത്. നാല് സെന്റിന് വേണ്ടി രണ്ട് ജീവനുകള്‍ കത്തിച്ചു ചാമ്പലാക്കിയ നെയ്യാറ്റിന്‍കര പൊലീസ് കേരള പൊലീസിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. രണ്ടു ജീവന്‍ പച്ചയ്ക്കു കത്തിയെരിഞ്ഞൊടുങ്ങിയതിനു പിന്നിലെ പൊലീസ് ഇടപെടല്‍ നിയമവും നീതിയും ചവിട്ടി മെതിച്ചാണ് ഉണ്ടായതെന്നത് സര്‍ക്കാരിനെ കൂടി ബാധിക്കുന്ന വിഷയമാണ്.
 

category
Comments

Submitted by noushad (not verified) on Thu, 12/31/2020 - 19:09

പൊലീസും കോടതി ഉദ്യോഗസ്ഥരും കോടതിവിധി ലംഘിച്ച് നിയമവാഴ്ചയെ തട്ടിതകര്‍ക്കാന്‍ മാത്രം വസന്തയുടെ പിടിപാട് എന്തെന്നചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick