ഇമേജസ് ആന്റ് റിഫ്ളക്ഷന്‍സ്: അടൂരിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആരൊക്കെ കണ്ടു?

Wed, 02/10/2021 - 11:55
adoor gopalakrishnan and gireesh kasaravalli
മുഖവുര ആവശ്യമില്ലാത്ത ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളചലച്ചിത്രശാഖയ്ക്ക് നവഭാവുകത്വം പകര്‍ന്നു നല്‍കിയ അസാധാരണ പ്രതിഭ. ഭിന്നമാനങ്ങളും ഉയര്‍ന്ന നിലവാരവുമുള്ള അടൂര്‍ചിത്രങ്ങളാണ് മലയാളസിനിമയ്ക്ക് ലോകതലത്തില്‍ അംഗീകാരം നേടിക്കൊടുത്തത്. അടൂരെന്ന ചലച്ചിത്രകാരനെ തൊട്ടറിഞ്ഞ ഡോക്യുമെന്ററിയായിരുന്നു ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഇമേജസ് ആന്റ് റിഫ്ളക്ഷന്‍സ്. ഫിലിം ഡിവിഷനുവേണ്ടി നിര്‍മ്മിച്ച ഡോക്യുമെന്ററി ആരും കാണാതെ, ആരെയും കാണാതെ ഒളിപ്പിച്ചുവെക്കുന്നതെന്തിനാണ്. ഇമേജസ് ആന്റ് റിഫ്ളക്ഷന്‍സിനെക്കുറിച്ച് വിഷ്ണുമംഗലം കുമാര്‍ എഴുതുന്നു. 

മലയാളത്തിനു അപരിചിതമായ ഒരു ചലച്ചിത്രഭാഷയെ സ്വാംശീകരിച്ച ചിത്രമായിരുന്നു അടൂരിന്റെ 'സ്വയംവരം'. 1971ല്‍ പുറത്തിറങ്ങിയ ചിത്രം സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് നവ്യാനുഭവമായിരുന്നു. 'സ്വയംവരം' മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണകമലം നേടിയതോടെ അടൂര്‍ ഗോപാലകൃഷ്ണന്‍ ദേശീയതലത്തില്‍ ശ്രദ്ധേയനായി. അതിനു മുമ്പുതന്നെ അടൂര്‍ ഏതാനും ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു.  പുതിയൊരു സിനിമാസംസ്‌കാരത്തിന്റെ ബീജാവാപമായിരുന്നു സുഹൃത്തുക്കളുടെ സഹായത്തോടെ അടൂര്‍ രൂപീകരിച്ച ചിത്രലേഖ ഫിലിം സൊസൈറ്റി. പിന്നീട് അടൂരിന്റേതായി പുറത്തിറങ്ങിയ കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മുഖാമുഖം, വിധേയന്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ അടൂരിനെ ലോകനിലവാരമുള്ള ചലച്ചിത്രകാരനായി അവരോധിച്ചു. പതിനാറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അടൂര്‍ ഇന്ന് നമ്മുടെ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ചലച്ചിത്രകാരനാണ്. 1984-ല്‍ പത്മശ്രീയും 2006-ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം ഈ ചലച്ചിത്ര പ്രതിഭയെ ആദരിച്ചു. 2004-ല്‍ ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും അടൂരിന് ലഭിച്ചിരുന്നു. അരനൂറ്റാണ്ടുകാലയളവില്‍ പന്ത്രണ്ടു ഫീച്ചര്‍ സിനിമകള്‍ കൂടാതെ നിരവധി ലഘുചിത്രങ്ങളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ദന്തഗോപുരവാസിയായ ഒരു ബുദ്ധിജീവി സിനിമാക്കാരനായിട്ടല്ല അടൂര്‍ ഗോപാലകൃഷ്ണന്‍ ഇക്കാലമത്രയും നിലകൊണ്ടത്. ലളിതവും സുതാര്യവുമായ ജീവിതം നയിച്ച അടൂര്‍ പൊതുസമൂഹത്തിന്റെ ഭാഗമായിരുന്നു. ഗൗരവമേറിയ വിഷയങ്ങള്‍ തനതായ ശൈലിയില്‍ അവതരിപ്പിക്കുന്ന തന്റെ സിനിമകള്‍ പ്രേക്ഷകരില്‍ എത്തണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത ജനകീയ കലാകാരനാണ് അടൂര്‍. പ്രേക്ഷകരുടെ ആസ്വാദനനിലവാരം ഉയര്‍ത്തുവാന്‍ സിനിമയ്ക്കകത്തും പുറത്തും നിന്നുകൊണ്ട് അദ്ദേഹം പരിശ്രമിച്ചു പോന്നു. വ്യത്യസ്തനായ ചലച്ചിത്രകാരന്‍ എന്നതിലുപരി അടൂര്‍ ഗോപാലകൃഷ്ണന്‍ പൊതുസമൂഹം ആദരിക്കുന്ന ശ്രേഷ്ഠവ്യക്തിത്വമാണ്.

ഏതാണ്ട് ഇതേ കാലയളവില്‍ത്തന്നെ അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലെ സിനിമാരംഗത്ത് വ്യത്യസ്തമായ പാന്ഥാവിലൂടെ പ്രയാണമാരംഭിച്ച പ്രതിഭയാണ് ഗിരീഷ് കാസറവള്ളി. പട്ടാഭിരാമറെഡ്ഡിയും ബി.വി. കാരന്തും ലങ്കേഷുമൊക്കെ വെട്ടിത്തുറന്ന വഴിയിലൂടെയായിരുന്നു കാസറവള്ളിയുടെ സഞ്ചാരം. 1977-ല്‍ സുവര്‍ണ്ണ കമലം നേടിയ 'ഘടശ്രാദ്ധ' ഗിരീഷ് കാസറവള്ളിയെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കി. 1986-ല്‍ 'തബരനകഥെ'യും 97-ല്‍ 'തായെസഹേബും' 2002-ല്‍ 'ദ്വീപ'യും ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയതോടെ ഇദ്ദേഹവും നമ്മുടെ രാജ്യത്തെ സമാന്തരസിനിമാരംഗത്ത് സുപ്രധാനസ്ഥാനം ഉറപ്പിച്ചു. 2011-ല്‍ പത്മശ്രീ നല്‍കി രാജ്യം ഈ ചലച്ചിത്രപ്രതിഭയെ ആദരിച്ചു. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ സംവിധായകരില്‍ അടൂരിന് തൊട്ടടുത്ത് കാസറവള്ളിയും സ്ഥാനം പിടിച്ചു.  ഇതുവരെയായി പതിനൊന്നു ഫീച്ചര്‍ സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2012-ല്‍ പുറത്തുവന്ന 'കൂര്‍മ്മാവതാര'മാണ് ഏറ്റവും പുതിയ ചിത്രം. 'നാലുപെണ്ണുങ്ങള്‍' ആണ് അടൂരിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ സിനിമ. 2008ലാണ് ഈ ചിത്രം പുറത്തുവന്നത്. 

സഹോദരനിര്‍വ്വിശേഷമായ സ്നേഹവും അടുപ്പവുമാണ് ഇവര്‍ തമ്മിലുള്ളത്. അടൂരിലെ മനുഷ്യനെയും ചലച്ചിത്രകാരനെയും കാസറവള്ളിയ്ക്ക് ഇഷ്ടമാണ്. അടൂരിനെപ്പോലെതന്നെ ലളിതവും സുതാര്യവുമായ ജീവിതം നയിക്കുന്ന, മഹത്തായ മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ആദരണീയവ്യക്തിത്വമാണ് കാസറവള്ളി. സാധാരണക്കാരനായി ജീവിക്കാനും അറിയപ്പെടാനുമാണ് അസാധാരണ കലാകാരനായ കാസറവള്ളിയ്ക്ക് താല്‍പ്പര്യം.

യാഥാര്‍ത്ഥ്യവും കാല്‍പ്പനികതയും കൂട്ടിക്കലര്‍ത്തി അതിഗഹനമായ കാര്യങ്ങള്‍ ലളിതമായി ആവിഷ്‌ക്കരിക്കുന്ന അടൂര്‍ശൈലി കാസറവള്ളിയെ അഗാധമായി ആകര്‍ഷിച്ചിട്ടുണ്ട്. 'കൊടിയേറ്റ'വും 'എലിപ്പത്തായവും', 'അനന്തര'വുമെല്ലാം അദ്ദേഹത്തെ സ്വാധീനിച്ച ചലച്ചിത്രങ്ങളാണ്. സിനിമാനിര്‍മ്മിതിയില്‍ അടൂരിന്റെ തൊട്ടടുത്താണ് കാസറവള്ളിയുടെ സ്ഥാനം. അസാധാരണപ്രതിഭകളെങ്കിലും, മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന, ജാടയോ പൊങ്ങച്ചമോ തെല്ലുമില്ലാത്ത പച്ചമനുഷ്യരാണ് ഇരുവരും. 

vishnumangalam kumar and gireesh kasaravalli
ഗിരീഷ് കാസറവള്ളിക്കൊപ്പം വിഷ്ണുമംഗലം കുമാര്‍

ഫിലിം ഡിവിഷനുവേണ്ടി അടൂര്‍ഗോപാലകൃഷ്ണന്റെ സിനിമാജീവിതം ആസ്പദമാക്കി കാസറവള്ളി സംവിധാനം നിര്‍വ്വഹിച്ച 'ഇമേജസ് അന്റ് റിഫ്ളക്ഷന്‍സ്' എന്ന ഡോക്യുമെന്ററിയുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുന്നത് മേല്‍പ്പറഞ്ഞ സാഹചര്യത്തിലാണ്. ഒരു ഫീച്ചര്‍ സിനിമ ചെയ്യുന്ന ഗൗരവത്തോടും പ്രതിബദ്ധതയോടെയുമാണ് വ്യത്യസ്ത സിനിമാക്കാരനായ കാസറവള്ളി അടൂരിനെപ്പറ്റിയുള്ള സിനിമ തയ്യാറാക്കിയത്. അടൂരിന്റെ പ്രധാന സിനിമകള്‍ വീണ്ടും കണ്ട് സൂക്ഷ്മവിശകലനത്തിന് വിധേയമാക്കി, അതിന്റെ അടിസ്ഥാനത്തില്‍ അടൂരുമായി നടത്തിയ സംഭാഷണങ്ങളും സിനിമകളുടെ ദൃശ്യശകലങ്ങളും ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നുണ്ട്.

അടൂരിന്റെ ചലച്ചിത്രരചനാശൈലിയ്ക്ക് ഓണസങ്കല്‍പ്പവുമായി ഏറെ സാദൃശ്യമുണ്ടെന്ന് കാസറവള്ളി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഓണദൃശ്യങ്ങളില്‍ നിന്നാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ചുറ്റുവിളക്കിന്റെ പ്രകാശത്തില്‍ അമ്പലനടയിലിരുന്ന് അടൂരിന്റെ കഥാപാത്രവുമായി സാമ്യമുള്ള ഒരാള്‍, മറുനാടന്‍ നഗരത്തില്‍ നിന്നെത്തിയ സുഹൃത്തിനോട് ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം വിവരിക്കുന്ന ദൃശ്യത്തോടെ കാസറവള്ളിയുടെ അടൂര്‍കഥയാരംഭിക്കുന്നു. സ്വന്തം കാഴ്ചപ്പാടിലെ ഓണ ദൃശ്യശകലങ്ങള്‍ അദ്ദേഹം തികഞ്ഞ വ്യത്യസ്തതയോടെ അതോടൊപ്പം ചേര്‍ത്തുവെക്കുന്നു. അവിടെനിന്നും അടൂര്‍ച്ചിത്രങ്ങളുടെ അഗാധതയിലേക്കുള്ള യാത്രയാണ് കാസറവള്ളി നടത്തുന്നത്. അതാകട്ടെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. 

ഫിലിം ഡിവിഷന്റെ ലൈബ്രറിയില്‍ വിശ്രമിക്കുന്ന ഈ ഡോക്യുമെന്ററി സിനിമാസ്വാദകരുടെ കാഴ്ചയിലേക്ക് എത്തേണ്ടതുണ്ട്. ഫിലിം ഫെസ്റ്റിവല്‍ പോലെ സിനിമയെ ഗഹനമായി കാണുന്നവര്‍ ഒത്തുകൂടുന്ന വേദിയില്‍ എന്തുകൊണ്ട് ഇത്തരം ഡോക്യുമെന്ററികള്‍ പ്രദര്‍പ്പിച്ചു കൂടാ?
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick