താടിയും മുടിയും നീട്ടിവളര്‍ത്തി മാസ് ലുക്കില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വം

Sun, 02/07/2021 - 19:53
mammooty

താടിയും മുടിയും നീട്ടി വളര്‍ത്തിയ ന്യൂ ജെന്‍ ലുക്കിലെ മമ്മൂട്ടി ഫോട്ടോ ആഘോഷമാക്കുകയാണ് ആരാധകര്‍. ഭാര്യ സുല്‍ഫത്തുമൊത്താണ് ഈ ലുക്കില്‍ മമ്മൂട്ടി ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ തന്നെ ഫോട്ടോ വൈറലുമായി. ഒരു രസത്തിന് താടിയും മുടിയും നീട്ടി വളര്‍ത്തിയതെന്നാണ് ആരാധകര്‍ ആദ്യം കരുതിയത്. എന്നാല്‍ ഒരു സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവറാണിതെന്നറിഞ്ഞതോടെ ആരാധകരുടെ ആഹ്ലാദം ഇരട്ടിയായി. ഉഗ്രന്‍ സര്‍പ്രൈസ്  ആണ് മമ്മൂട്ടി ആരാധകര്‍ക്ക് നല്‍കിയത്. 20 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ മാസ് ലുക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 

രണ്ടായിരത്തില്‍ സൂപ്പര്‍ഹിറ്റായ അമല്‍നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിന്റെ ബിഗ്ബിയുടെ രണ്ടാംഭാഗമെന്ന് തന്നെ വിളിക്കാവുന്ന ബിലാല്‍ ആണ് ഈ കൂട്ടുകെട്ടില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ചിത്രം. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ബിലാലിന്റെ ചിത്രീകരണം നീണ്ടു പോകുകയാണ്. വിദേശത്തുള്‍പ്പെടെ ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രം കോവിഡില്‍ പെട്ട് നീണ്ടുപോകുന്ന സാഹചര്യത്തില്‍ എത്തുന്ന മറ്റൊരു അമല്‍ നീരദ്-മമ്മൂട്ടി ചിത്രം വമ്പന്‍ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്.  വരത്തന് ശേഷം അമല്‍ നീരദില്‍ നിന്നുള്ള ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് മമ്മൂട്ടിയുടെ പുതിയസിനിമയെന്നാണ് സൂചന. 

അമല്‍നീരദ്-മമ്മൂട്ടി സിനിമയെക്കുറിച്ച് നടനും സംവിധായകനുമായ സൗബിനാണ് ആദ്യം പരോക്ഷമായ വെളിപ്പെടുത്തല്‍ നടത്തിയത്. അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രത്തില്‍ മ്യാവൂ കഴിയുന്നതോടെ ജോയിന്‍ ചെയ്യുമെന്നായിരുന്നു സൗബിന്റെ വെളിപ്പെടുത്തല്‍. 

നേരത്തെ ബിലാലിന് മുമ്പ് മറ്റൊരു മമ്മൂട്ടി ചിത്രം ഉണ്ടാകില്ലെന്ന് അമല്‍ നീരദ് പറഞ്ഞിരുന്നു. എന്നാല്‍ കോവിഡ് മാറ്റിയെഴുതിയ സിനിമയിലാണ്് ഇപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ.  ബിലാലിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നുവെങ്കില്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതോടെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും വ്യക്തമായിട്ടുണ്ട്. 

mammooty


ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

 

മമ്മൂട്ടിക്കൊപ്പം സൗബിനും ഷൈന്‍ ടോമും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മൂന്ന് പേരാണ്. കുമ്പളങ്ങി നൈറ്റ്‌സിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ദേവദത്ത് ഷാജി, ആര്‍.ജെ മുരുകന്‍,രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സുശീന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കും. ഈ മാസം തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. 

താടിയും മുടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ സ്റ്റൈലന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മെഗാസ്റ്റാറിന്റെ കോവിഡിന് ശേഷമുള്ള ആദ്യ സിനിമ വമ്പന്‍ ഹിറ്റായിരുക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും.
 

category
Comments

Submitted by Adhil Muhammed Ziraj (not verified) on Sun, 02/07/2021 - 20:19

മമ്മൂക്കയും അമലും ഒന്നിക്കുകയാണ്.ഇത് ഒരു ഒന്നന്നര പോളി പൊളിക്കും💯💥💥

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick