പൂത്തുലഞ്ഞ് തണല്‍ വിരിച്ച മഹാവൃക്ഷം

Thu, 02/04/2021 - 12:54
mk muneer, rasheed

 

ഡോ.എം.കെ മുനീര്‍

പൂത്തുലഞ്ഞ് തണല്‍ വിരിച്ച ഒരു മഹാവൃക്ഷമായിരുന്നു റഷീദ്ക്ക.ആ സംരക്ഷണം ലഭിക്കാത്ത ആളുകള്‍ കോഴിക്കോട് നഗരത്തില്‍ കുറവാണ്. എവിടെയും ഒരു കര്‍മ്മഭടനെ പോലെ ഓടി നടന്നു സഹായിക്കുക,എന്നതായിരുന്നു റഷീദ്ക്കയുടെ ജീവിതം. സ്വന്തം കാര്യത്തിന് ആരുടെ മുമ്പിലും ചെല്ലാത്ത റഷീദ്ക്ക മറ്റുള്ളവരുടെ കാര്യത്തിനായി ആരുടെ മുമ്പിലും കൈനീട്ടി യാചിക്കാന്‍ മടിച്ചില്ല. അങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി താന്‍ സഹായം ചോദിച്ചു ചെല്ലുന്ന ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് പോലും റഷീദ്കക്ക് ഒരു വിഷയമായിരുന്നില്ല. ഏതൊരു ലക്ഷ്യത്തിന് വേണ്ടി ഇറങ്ങി തിരിച്ചുവോ, അത് പൂര്‍ത്തീകരിക്കുക എന്നത് മാത്രമേ അപ്പോള്‍ ആ മനസ്സിലുണ്ടാകൂ. ഇറങ്ങി തിരിച്ചാല്‍ അക്കാര്യം സാധിച്ചേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിന്റെ കൂടി പേരായിരുന്നു റഷീദ്ക്ക എന്നത്. 

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 'ഹെല്‍പ്പിംഗ് ഹാന്‍സ്' രൂപം കൊണ്ടത്.അതിനായി വലിയൊരു കെട്ടിടം നിര്‍മ്മിക്കുന്നത് വരെ അദ്ദേഹത്തിന്റെ ദൗത്യം ഇടതടവില്ലാതെ തുടര്‍ന്നു.എന്നാല്‍ ഒരു സ്ഥലത്തും റഷീദ്ക്ക എന്ന് പറയുന്ന വ്യക്തിയെ നമുക്ക് മുന്നില്‍ കാണാന്‍ പറ്റില്ല. മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി പിന്നില്‍ പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന് എന്നും ഇഷ്ടം. വേദിയില്‍ പോലും അദ്ദേഹം കയറില്ല. തിരശ്ശീലക്ക് പിന്നില്‍ നിന്ന് വിശ്രമം അറിയാതെ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അദ്ദേഹം. പക്ഷേ റഷീദ്ക്കയുടെ സാന്നിദ്ധ്യമില്ലാത്ത ഒരിടവും ഉണ്ടാവില്ല. കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക വേദികളിലെ എല്ലാം നിറസാന്നിദ്ധ്യമായിരുന്നു.റഷീദ്ക്കയെ ഞാനെന്റെ കുട്ടിക്കാലം മുതല്‍ പരിചയപ്പെട്ടതാണ്. ആ പരിചയം എവിടെ വെച്ച്, എപ്പോള്‍ എന്നെനിക്കോര്‍ക്കാന്‍ പറ്റുന്നില്ല. അത്രയും ചെറുപ്പത്തില്‍ അദ്ദേഹമെനിക്ക് പരിചിതനും റോള്‍ മോഡലും ആയിരുന്നു.
അന്ന് കോഴിക്കോട് നഗരത്തിലെ കണ്ണൂര്‍ ഷോപ്പില്‍ അദ്ദേഹമുള്ള സമയത്ത് ഇടക്ക് ഷര്‍ട്ട് പീസ്, പാന്റ് പീസ് തുടങ്ങിയ വസ്ത്രങ്ങളെടുക്കാനായി പോവും. കൗണ്ടറില്‍ പുഞ്ചിരി തൂകി കൊണ്ട് ഒരാളിങ്ങനെ നില്‍ക്കുന്നുണ്ടാവും. അത് കാണുമ്പോള്‍ തന്നെ കണ്ണൂര്‍ ഷോപ്പിലേക്ക് കയറാനുള്ള ഒരു താല്‍പര്യം തോന്നും. പിന്നെ വസ്ത്രമെടുത്ത് തീരുംവരെ കൂടെയുണ്ടാകും. അതു കഴിഞ്ഞ് തിരിച്ചു കൗണ്ടറില്‍ എത്തിക്കഴിഞ്ഞാല്‍ അദ്ദേഹം ബില്‍ വാങ്ങി അദ്ദേഹത്തിന്റെ വക ഒരു വലിയ ഡിസ്‌കൗണ്ട് നല്‍കും. എന്തിന് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തിരുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം തന്നെ കൈകൊണ്ടെഴുതി ആ ഡിസ്‌കൗണ്ട് എനിക്ക് നല്‍കുമായിരുന്നു.ഷോപ്പിങ്ങിന് മാത്രമല്ല ,ആ വഴി എപ്പോള്‍ പോയാലും കണ്ണൂര്‍ ഷോപ്പില്‍ കയറി റഷീദ്ക്കയോട് കുശലം ചോദിച്ചേ പോകാറുള്ളൂ. പണ്ട് വയനാട്ടില്‍ തോലന്‍ എന്ന് പറയുന്ന ഒരാള്‍ പട്ടിണി കിടന്ന് മരിച്ചു.അന്ന് ഞാനും വേണുവും (ഡോക്ടര്‍ കെ വേണു ഐഎഎസ്സ് ) തോലനെ പോലെ പട്ടിണിയിലാണ്ട ആദിവാസികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ വേണ്ടി എസ് എം സ്ട്രീറ്റില്‍ ഒരു യാചന പിരിവ് നടത്തുകയുണ്ടായി. കണ്ണൂര്‍ ഷോപ്പില്‍ കയറിയപ്പോള്‍ റഷീദ്ക്ക അന്നത്തെ ആയിരം രൂപയാണ് നല്‍കിയത്.ഇന്ന് ഒരു ലക്ഷത്തിന് തുല്യമാണത്. പിന്നീട് എന്റെ കോളേജിലെ നിരവധി കോളേജ് മാഗസിനുകള്‍ക്കായി പലതവണ അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്.ഞാനല്ല എഡിറ്റര്‍ എങ്കില്‍ പോലും നടത്തിപ്പുകാര്‍ പരസ്യം പിടിക്കാന്‍ എന്നെയാണ് കൊണ്ടു പോവുക. അപ്പോഴൊക്കെയും  എനിക്കൊരു ഉറപ്പുണ്ട്. കണ്ണൂര്‍ ഷോപ്പിലെത്തിയാല്‍ റഷീദ്ക്ക ഒരിക്കലും മടക്കി അയക്കില്ലെന്ന ഉറപ്പ്. അതുകൊണ്ട് മെഡിക്കല്‍ കോളേജിലെ മിക്ക കോളേജ് മാഗസിന്റെയും ബാക്ക് കവര്‍ കണ്ണൂര്‍ ഷോപ്പിന്റെതായിരിക്കും. പാര്‍ടണര്‍ഷിപ്പിലുള്ള കടയില്‍ നിന്നല്ലാതെ, സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ് റഷീദ്ക്ക അത് നല്‍കിയിരുന്നത്.

എന്റെ ജീവിതവുമായി അദ്ദേഹം ബന്ധപ്പെട്ട് നില്‍ക്കുന്നത് യുവജന യാത്ര സമയത്താണ്. അന്ന് കുറേ വെള്ള ഷര്‍ട്ടുകള്‍ എടുക്കേണ്ടതായിട്ടുണ്ട്.കാരണം 40 ദിവസത്തെ യാത്രയാണ്.അതും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ കാല്‍നടയായി ദീര്‍ഘയാത്ര. അതിനായി വെള്ള ഷര്‍ട്ട് തുണി എടുക്കുന്നതിനായി ഞാന്‍ കണ്ണൂര്‍ ഷോപ്പില്‍  കയറി.അന്ന് ഞാന്‍ വിവാഹിതനല്ല. അന്ന് അദ്ദേഹം എന്നോട് ചോദിച്ചു.' അല്ല, കല്യാണം ഒന്നും വേണ്ടേ..? 'ഞാന്‍ പറഞ്ഞു, കല്യാണം പിന്നെ ആലോചിക്കാം, ഇപ്പോ എനിക്ക് കുറച്ച് വെള്ള ഷര്‍ട്ട് താ ,ഞാനീ യുവജന യാത്ര ഒന്ന് തീര്‍ക്കട്ടെ; അപ്പോള്‍ യുവജന യാത്ര തീര്‍ന്നാലോ എന്നദ്ദേഹം.തീര്‍ന്നാല്‍ പിന്നെ നമുക്ക് ആലോചിക്കാലോ എന്ന് ഞാന്‍. അപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ മറുപടി, എന്നാല്‍ ഞാന്‍ ആലോചിക്കും!

യുവജന യാത്ര കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പല കാര്യങ്ങളും പറഞ്ഞ് വീട്ടില്‍ വരാന്‍ തുടങ്ങി. അങ്ങനെയൊരിക്കല്‍ അദ്ദേഹം പറഞ്ഞു, നല്ലൊരു പെണ്ണുണ്ട് എന്ന്. ഞാന്‍ പറഞ്ഞു, റഷീദ്ക്ക, നമുക്കാലോചിക്കാം. അങ്ങനെയൊരു ദിവസം അത്തോളിയില്‍ എന്റെ ബന്ധുക്കളെ, അമ്മാവനെ ഒക്കെ കാണാനായി പോയപ്പോള്‍ റഷീദ്ക്കയുണ്ട് അത്തോളിയില്‍ എത്തിയിരിക്കുന്നു. ഔളക്കയുടെ വീട്ടിലെ വൈറ്റ് ഹൗസില്‍ വെച്ച് അദ്ദേഹം ചോദിച്ചു. അല്ല മുനീര്‍, എന്തായി ഞാന്‍ പറഞ്ഞ കാര്യം? അദ്ദേഹം ഔളക്കയോടും എന്റെ അനിയന്‍ നാസറിനോടും സംസാരിച്ചു. നിങ്ങള്‍ പെണ്ണിനെ പോയൊന്ന് കാണൂ എന്ന് പറഞ്ഞു. അങ്ങനെ റഷീദ്ക്ക പറഞ്ഞതനുസരിച്ച്, അദ്ദേഹം തന്നെ ഏര്‍പ്പാട് ചെയ്ത രീതിയില്‍ കണ്ണൂരില്‍ അന്ന് എന്റെ അളിയന്‍ നടത്തിയിരുന്ന ഇന്‍ഡസ് മോട്ടോര്‍സില്‍  തികച്ചും അപ്രതീക്ഷിതമായി കാണുന്നത് പോലെ പെണ്ണ് കണ്ടു. അന്നേരമാണ് ഞാന്‍ മനസ്സിലാക്കുന്നത്,റഷീദ്ക്ക പറഞ്ഞ പെണ്ണ് അദ്ദേഹത്തിന്റെ സ്വന്തം സഹോദരിയുടെ മകളാണെന്ന്. പെണ്ണ് കാണലിന് ശേഷം റഷീദ്ക്ക ചോദിച്ചു എന്തായി ? ഞാന്‍ പറഞ്ഞു ഇഷ്ടായി.എന്നാല്‍ പിന്നെ വീട്ടില്‍ പോയി ഒന്നൂടെ കാണാം. ഞാന്‍ ഉമ്മയോട് പറഞ്ഞു, വീട്ടില്‍ പോയി കാണുന്നത് ഒരു ചടങ്ങായി കാണാന്‍ പറ്റില്ല, കണ്ടു കഴിഞ്ഞാല്‍ പിന്നെയത് ഉറപ്പിക്കണം. ഉമ്മ പറഞ്ഞു, നിനക്ക് ഇഷ്ടം ആയിട്ടുണ്ടെങ്കില്‍ നീ പോകൂ, കാണൂ, ഇഷ്ടായാല്‍ നമുക്ക് ഉറപ്പിക്കാം. തുടര്‍ന്ന് വീട്ടില്‍ പോയി കണ്ടു തിരിച്ചു വന്നപ്പോള്‍ റഷീദ്ക്ക വീണ്ടും ചോദിച്ചു എന്തായി എന്ന് ? ഞാന്‍ പാഞ്ഞു കുഴപ്പമില്ല, കണ്ടു ഇഷ്ടപ്പെട്ടു. അത് തന്നെ ഞാന്‍ ഉമ്മയോടും പറഞ്ഞു.എന്നാല്‍ വള ഇടട്ടെ എന്ന് ഉമ്മ ചോദിച്ചു. എന്റെ സമ്മതം അറിയിച്ചതോടെ ഉമ്മയും പെങ്ങളും പോയി വളയണിയിച്ചു. സത്യത്തില്‍ ആ വിവാഹത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒരു ജ്യേഷ്ഠ സഹോദരന്റെ ഭാഗത്ത് നിന്നാണ് റഷീദ്ക്ക അതെല്ലാം ചെയ്തത്.സ്വന്തം സഹോദരി പുത്രിയുടെ വിവാഹത്തിന് അദ്ദേഹമെടുത്ത താല്‍പര്യം ഒരു സഹോദര, സഹോദരി ബന്ധത്തിന്റെ കൂടി അടയാളമാണ്. 
ആ കുടുംബത്തിലെ ഒരു വല്യേട്ടനായിട്ടാണ് എനിക്ക് റഷീദ്ക്കയെ തോന്നിയിട്ടുള്ളത്. ഒരുപാട് ആളുകളെ അദ്ദേഹം സഹായിക്കുന്നു. അപ്പോഴും സ്വന്തമായി ധാരാളം വേദനകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതൊക്കെയും അടക്കിപ്പിടിച്ച് സഹോദരങ്ങള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരു ത്യാഗിയെ  പോലെ എന്നും പ്രവര്‍ത്തിച്ച ആളാണ് റഷീദ്ക്ക.ആ സ്‌നേഹം അവര്‍ സഹോദരങ്ങള്‍ക്കിടയില്‍ എന്നും ശക്തവും രൂഢമൂലവുമായി നിന്നിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

കണ്ണൂരില്‍ വന്നാല്‍ റഷീദ്ക്കയുടെ ഉമ്മയെ കാണാന്‍ അവിടെ എത്തും, കുറേ സമയം ചെലവഴിക്കും, തിരിച്ചുപോരും. ഇങ്ങനെയൊക്കെ റഷീദ്ക്ക എന്ന നാമം തന്നെ അലിവിന്റെയും  ആര്‍ദ്രതയുടെയും ഒരു സാമ്രാജ്യമായിരുന്നു. ഞാന്‍ 'മിഷന്‍ കോഴിക്കോട്'എന്നൊരു സംരംഭം ഉണ്ടാക്കിയപ്പോള്‍ അതില്‍ സജീവമായി റഷീദ്ക്ക ഉണ്ടായിരുന്നു.പ്രളയകാലത്തൊക്കെ തുണിത്തരങ്ങള്‍ കണ്ടെത്താനും അത് മിഷന്‍ കോഴിക്കോട് വഴി വിതരണം ചെയ്യാനുമൊക്കെ അദ്ദേഹമെടുത്ത താല്‍പര്യം മറക്കാനാവില്ല. എന്ത് കാര്യം പോയി പറഞ്ഞാലും അത് വിജയിപ്പിക്കുക എന്നൊരു ലക്ഷ്യമായിരുന്നു. കോവിഡ് ബാധിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് അദ്ദേഹം എന്നോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഞങ്ങളെയെല്ലാം സ്‌നേഹിച്ചും വാരിപ്പുണര്‍ന്നും അദ്ദേഹം കൂടെ ചെലവഴിച്ചു .രണ്ട് ദിവസം കഴിഞ്ഞ് കേള്‍ക്കുന്നത് അദ്ദേഹത്തിന് കോവിഡ് ബാധിച്ചു എന്നാണ്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും വന്നു. അദ്ദേഹം ഹോസ്പിറ്റലൈസ്ഡ് ആയി. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹമെന്നെ ഫോണില്‍ വിളിച് സംസാരിക്കുകയും ചെയ്തു.പക്ഷേ അതിന് പിറ്റേ ദിവസം ഞാന്‍ കേട്ട വാര്‍ത്ത അദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ട് ഐ സി യുവിലേക്ക് മാറ്റി എന്നാണ്. ആ ഐ സി യു വിലേക്കുള്ള യാത്ര, പിന്നീട് അതില്‍ നിന്നും തിരിച്ചു വരാന്‍ പറ്റാത്ത തരത്തില്‍ ഇന്‍ഫക്ഷനും മറ്റുമായി സങ്കീര്‍ണ്ണമാവുകയായിരുന്നു. അതിനിടയിലെപ്പോഴോ എനിക്ക് സന്തോഷത്തോട് കൂടി അമ്മായിയോടും റിജുവിനോടുമൊപ്പം റഷീദ്ക്ക ഇരിക്കുന്ന ഒരു ഫോട്ടോ അയച്ചു തന്നു. വലിയ സന്തോഷത്തോടെ, ഒരു ചെറുപുഞ്ചിരിയോട് കൂടി റഷീദ്ക്ക ഇരിക്കുന്ന ആ ഫോട്ടോയാണ് അവസാനമായി അദ്ദേഹത്തിന്റേതായി എനിക്കയച്ചു തന്ന ഫോട്ടോ. 

പിന്നെ അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞ്, സ്വന്തം വീട്ടില്‍ എന്നന്നേക്കുമായുള്ള വിശ്രമത്തില്‍ കിടക്കുമ്പോള്‍ ഇത്രയും ദിവസം ഹോസ്പിറ്റലില്‍ കിടന്നതിന്റെ യാതൊരു ലക്ഷണവുമില്ലാത്ത, പ്രസന്നതക്ക് ഒട്ടും കുറവില്ലാത്ത സുന്ദരമായ മുഖത്തോടെ, കണ്ണടച്ചു കിടക്കുന്ന റഷീദ്ക്കയെ ആണ് പിന്നെ എനിക്ക് കാണാന്‍ പറ്റിയത്.റഷീദ്ക്ക ഇപ്പോഴും ഇവിടെയുണ്ട്, അദ്ദേഹത്തിന്റെ വീടിന്റെ ഉമ്മറത്ത് ഇപ്പോഴും ഇരിക്കുന്നുണ്ട് എന്നൊരു തോന്നല്‍. ഒരിക്കലും വിട്ടുപോയിട്ടില്ല എന്നൊരു വല്ലാത്ത തോന്നല്‍. ജീവിതം അദ്ദേഹം പൂര്‍ണ്ണമാക്കുന്നതിനും മുമ്പ് തല്‍ക്കാലത്തേക്ക് യാത്ര പറഞ്ഞു പിരിഞ്ഞതാണെന്ന ഒരു തോന്നല്‍. പക്ഷേ അള്ളാഹുവിന്റെ അലംഘനീയമായ വിധിക്ക് എല്ലാവര്‍ക്കും അടിമപ്പെട്ടേ സാധിക്കൂ.അങ്ങനെയുള്ള ദു:ഖ സാന്ദ്രമായ ഈ അന്തരീക്ഷത്തില്‍ റഷീദ്ക്ക സ്വര്‍ഗ്ഗാവകാശിയായി മാറുന്നതിന് പ്രാര്‍ത്ഥിക്കുന്നു.

dr.mk.muneer

MKMuneer

 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick