എഴുത്തിലെ ഒറ്റയടിപ്പാത

Tue, 12/22/2020 - 10:09
sakkariya, kunhikkannan, malayalam

''ആടയാഭരണങ്ങളില്ലാത്ത ഒരു ഭാഷ സമ്പത്തായിട്ടുള്ള ഉരുളിക്കുന്നത്തിന്റെ കഥപറച്ചിലുകാരന്‍'' എന്ന് എഴുത്തുകാരന്‍ സക്കറിയയെ വിശേഷിപ്പിക്കാം. ഉരുളിക്കുന്നത്ത് മുണ്ടാട്ട് ചുണ്ടയില്‍ എം.പി  സ്‌കറിയയാണ് മലയാളത്തിന്റെ പ്രിയകഥാകാരന്‍ സക്കറിയായത്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് സക്കറിയക്ക് 'എഴുത്തച്ഛന്‍പുരസ്‌കാരം'  നല്‍കിയത്.

സക്കറിയ എന്ന എഴുത്തുകാരന്‍ ജീവിതത്തില്‍ കയറിയിറങ്ങിയ തട്ടകങ്ങള്‍ നിരവധിയാണ്. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പ്രിന്റര്‍, പബ്ലിഷര്‍, എഡിറ്റര്‍, എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ്, കോളമിസ്റ്റ്, കര്‍ഷകന്‍, കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ അണിയറശില്‍പികളില്‍ ഒരാള്‍ -ഇങ്ങനെ പല നിലകളില്‍ സക്കറിയ പ്രവര്‍ത്തിച്ചു.
കഥ, നോവല്‍, ലേഖനങ്ങള്‍,യാത്രാവിവരണം തുടങ്ങി സാഹിത്യത്തിന്റെ വിവിധമേഖലകളിലും സക്കറിയുടെ കൈപ്പടപതിഞ്ഞു. മുനകൂര്‍ത്ത ചോദ്യങ്ങളും വിവാദങ്ങളും വിശകലനങ്ങളുമായി വേദികളില്‍ വ്യത്യസ്ത ഭാവകുത്വം പുലര്‍ത്തുന്ന പ്രഭാഷകനുമാണ് സക്കറിയ.

'കുന്ന് 'എന്ന കഥാസമാഹാരത്തിലൂടെയാണ് സക്കറിയ  മലയാളസാഹിത്യത്തില്‍ സജീവമാകുന്നത്. തന്നെത്തന്നെ തിരഞ്ഞുപോകുന്ന ഒരു   ഉന്മാദിയാണ് 'കുന്ന്' എന്ന കഥയിലെ മുഖ്യകഥാപാത്രം. നിലാവുള്ള രാത്രികളില്‍ അയാള്‍ മലഞ്ചെരിവിലെ സൂക്ഷിപ്പുസങ്കേതത്തില്‍ നിന്ന് രക്ഷപ്പെട്ടുവരുന്നു. രക്തം തരിക്കുന്ന തന്റെ ശബ്ദം താന്‍തന്നെ വേറിട്ടു കേള്‍ക്കുന്നു. തന്നെ രക്ഷിക്കാന്‍ സ്വയം തന്നെ അന്വേഷിച്ചിറങ്ങുകയും ചെയ്യുന്നു.  എവിടെയും തന്നെ കാണാന്‍ സാധിക്കാത്തതുകൊണ്ട്, മരിച്ചുപോയ തന്നെയോര്‍ത്ത് കരയുന്നു. അയാള്‍ ഇരുട്ടിലിറങ്ങി മഞ്ഞുമൂടിയ പാറക്കെട്ടുകള്‍ക്കുള്ളില്‍ നിറയുന്ന നദിയുടെ ശബ്ദത്തിലൂടെ നടന്നുപോകുന്നു.  'കുന്ന'് എന്ന കഥയിലെ ഭ്രാന്തന്റെ മാനസികാഘാതം, ഉള്‍ക്കിടിലം ഇങ്ങനെയൊരു ചിത്രത്തിലാണ് സക്കറിയ അവതരിപ്പിച്ചത്. മിന്നല്‍പ്പിണര്‍പോലെ വായനക്കാരന്റെ മനസ്സില്‍ നിറയുന്ന ഭ്രാന്തന്റെ മനോവൃത്തി.

zakkariah

എഴുതിയും പറഞ്ഞും പകര്‍ത്തിയും പുതുമ നഷ്ടപ്പെടുന്ന മലയാളവാക്കുകള്‍ സക്കറിയുടെ എഴുത്തില്‍ നിറയുമ്പോള്‍ നിറന്നുകത്തുന്ന വിളക്കുപോലെ അവ തിളയ്ക്കുന്നു. മലയാളഭാഷ നവീകരിക്കപ്പെടുന്നു. ആദ്യകാലകഥകളില്‍ തന്നെ ഭാഷാപ്രയോഗത്തില്‍ സക്കറിയ എന്ന എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന മാന്ത്രികത വ്യക്തമാണ്.

യാത്ര എന്ന കഥയില്‍ താഴ്വാരത്തിലെ ഒറ്റയടിപ്പാതയിലൂടെ, മലയോരത്തിലെ മരത്തിലുള്ള പക്ഷിക്കൂട്ടില്‍ മുട്ടവിരിഞ്ഞോ എന്ന് അന്വേഷിച്ചുപോകുന്ന ഒരു കുട്ടിയാണ്  കേന്ദ്രകഥാപാത്രം. അവന്റെ ദിവാസ്വപ്നവും. അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത ഒറ്റയടിപ്പാതയിലൂടെയാണ് കുട്ടിയുടെ നടത്തം. ഇതുപോലെത്തന്നെയാണ് 'ഛായ' എന്ന കഥയിലെ കുട്ടിയുടെയും  ലോകം. വേദനയും നിസ്സഹായതയും സൃഷ്ടിക്കുന്ന മനോനിലയുടെ ആവിഷ്‌ക്കാരം.

സക്കറിയുടെ ആദ്യകാല കഥകള്‍ മുതല്‍ അദ്ദേഹത്തിന്റെ എഴുത്തില്‍ ഇത്തരം പുതുമയുടെ തകൃതി വായിച്ചെടുക്കാവുന്നതാണ്. പുതുമഴയുടെ ലഹരി തോമ എന്ന കര്‍ഷകനെ മരണത്തിലേക്ക് നയിക്കുന്ന ദുരന്തമാണ് 'മഴ' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. അസ്തിത്വമെന്ന പ്രശ്നത്തില്‍ മനുഷ്യന് ലോകം, നാട്, വീട്, ബന്ധങ്ങള്‍, മേല്‍വിലാസം എന്നിവയെല്ലാം അപ്രസക്തമാകുന്ന കാഴ്ചയാണ് സക്കറിയുടെ കഥകളുടെ അടിസ്ഥാനധാര.  അവയിലെല്ലാം ഭാഷയുടെയും ആവിഷ്‌കാരത്തിന്റെയും പുതിയ ഭാവുകത്വത്തിന്റെ ഉദയം സക്കറിയ കൊണ്ടുവരുന്നു. കാലത്തോടും സമൂഹത്തോടും ബന്ധപ്പെട്ട ഘടകങ്ങളുടെ വിവിധ മാനങ്ങളും അവയോടുള്ള വിമര്‍ശനാത്മകനിലപാടുകളും സക്കറിയുടെ കഥകളിലുണ്ട്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ആകുലതകളും  അന്വേഷണങ്ങളും നിരീക്ഷണങ്ങളും ഉള്‍ക്കാഴ്ചകളും ഇഴപാകിയ രചനകളാണ് സക്കറിയയുടേത്.

മലയാളകഥ ദശകങ്ങളിലൂടെ നേടിയ പുതിയ ധന്യതകളെ വിവേചനബുദ്ധിയോടെ സ്വാംശീകരിക്കുകയും തന്റെ അനുഭവകല്‍പനകളുടെ പരിധിയില്‍ ഒതുക്കി നിര്‍ത്താനുള്ള ആത്മബോധം പ്രകടിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് സക്കറിയ.
ഒരിടത്ത്, തീവണ്ടിക്കൊള്ള, കണ്ണാടി കാണ്മോളവും, സലാം അമേരിക്ക, ആര്‍ക്കറിയാം, യേശുപുരം പബ്ലിക്ക് ലൈബ്രറിയപ്പറ്റിയുള്ള പരാതി, അശ്ലീലം വരുത്തിവെച്ച വിന ഒരു ദുരന്തസംഭവം (പോംവഴിസഹിതം), ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, ജോസഫ് നല്ലവന്റെ കുറ്റസമ്മതം, 'ഇതാ ഇവിടെ വരെ'യുടെ പരസ്യവണ്ടി പുറപ്പെടുന്നു തുടങ്ങിയ മുഖ്യകഥകളിലെല്ലാം പ്രമേയപരമായ ഒരു വിമത ശൈലി ഈ എഴുത്തുകാരന്‍ കാത്തുസൂക്ഷിക്കുന്നു. എന്തിനെയും മുഖംനോക്കാതെ വിമര്‍ശിക്കാനുള്ള  എഴുത്തിന്റെയും എഴുത്തുകാരന്റെയും ആര്‍ജ്ജവമാണത്.

ഒരു ദേശത്തും കാലത്തും  ജീവിക്കുന്ന മനുഷ്യരുടെയും അവരുടെ ചുറ്റുപാടുകളുടെയും കഥയില്‍  രാഷ്ട്രീയവും ചരിത്രവും സൗന്ദര്യപരമായൊരു  അട്ടിമറിയിലൂടെ സക്കറിയ കഥയാക്കി മാറ്റുന്നു. വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും പാട്ടുകളും  എല്ലാം സക്കറിയയുടെ കഥകളില്‍ തളിര്‍ക്കുമ്പോള്‍ നവീനമായൊരു അനുഭവതലം രൂപപ്പെടുന്നു.
ഒരിടത്ത് എന്ന കഥ തുടങ്ങുന്നത് ഇങ്ങനെ- ''ഒരിടത്ത് ഒരു വീടിന്റെ ചുറ്റുപാടുമുണ്ടായിരുന്ന പുല്‍ത്തകിടിയുടെ കോണിലെ മീന്‍കുളത്തില്‍ കുറെ തവളകള്‍ വസിച്ചിരുന്നു. വളരെ  പരിമിതിമായിരുന്നു അവയുടെ എണ്ണം. കാരണം പുതുമഴക്കാലത്ത് രാത്രിനീളെ കുളത്തിലെ കലങ്ങിയ വെള്ളത്തില്‍ അമ്മമാര്‍ കരഞ്ഞുകൊണ്ട് നിക്ഷേപിച്ച മുട്ടകളുടെ കറുത്തമാലകള്‍ ഭൂരിഭാഗവും കുളത്തിലെ കൊഴുത്തുതടിച്ച മീനുകള്‍ക്കും വീട്ടിലെ കുട്ടികളുടെ നീണ്ട കമ്പുകളേന്തിയ ജിജ്ഞാസയ്ക്കും ഇരയായിത്തീര്‍ന്നിരുന്നു....'' - ലാളിത്യത്തില്‍ വിരിയുന്ന ഓരോ വാക്കും പിന്നീട് കടുത്തനിറത്തിലേക്കോ, ശബ്ദത്തിലേക്കോ മാറുന്നത് കഥപുരോഗമിക്കുമ്പോള്‍ വായനക്കാരന്‍ അനുഭവിക്കുന്നു. സക്കറിയുടെ ഓരോ രചനയിലും വാചകങ്ങളുടെ ഘടനയും താളവും അദ്ദേഹം മാറ്റുമ്പോള്‍ മലയാളഭാഷ  പുതിയ ഭാവത്തിലേക്കും രുചിയിലേക്കും മണത്തിലേക്കും മാറുന്നു.

zakkaria book cover

ചിലപ്പോള്‍ ചരിത്രത്തെ വിരുദ്ധോക്തിയില്‍ സക്കറിയ കൊണ്ടു നിര്‍ത്തുന്നു. അതുപോലെ വാര്‍ത്തകളേയും. പത്രം എന്ന പേരില്‍ ഒരു കഥ സക്കറിയ എഴുതിയിട്ടുണ്ട്. വിവാഹപ്പരസ്യം, കണ്ടവരുണ്ടോ? എന്ന പരസ്യം, ചരമവാര്‍ത്ത ഇവ കൊണ്ടാണ് പത്രം എന്ന കഥ നിര്‍മ്മിച്ചത്. ജീവിതത്തിന്റെ അന്യായമായ ബന്ധങ്ങള്‍ കഥാകാരന്‍ അഴിച്ചുപണിയുകയാണ് പത്രം എന്ന കഥയില്‍. ഈ രീതിയില്‍ ജേര്‍ണലിസത്തിന്റെയും സാഹിത്യത്തിന്റെയും അതിരുകളെ ഇല്ലായ്മ ചെയ്യുന്നു.

പ്രണയം, വിവാഹം തുടങ്ങിയ പ്രമേയങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ സക്കറിയ രൂപപ്പെടുത്തുന്ന പ്രതിപാദന സംസ്‌കാരം വേറിട്ടുനില്‍ക്കുന്നു. നര്‍മ്മത്തിന്റെ പൊടിപ്പുകള്‍ കലരുന്ന ഒരു തരം ഭാഷാസങ്കരത്തിലൂടെയാണ് ഇത്തരം പ്രമേയങ്ങള്‍ സക്കറിയ ആവിഷ്‌കരിക്കുന്നത്.  ''സ്നേഹത്തിന്റെ നിഴലില്‍'' എന്ന കഥയിലെ നായകന്‍ സ്നേഹിക്കുന്ന പെണ്ണിന്റെ തടവറയില്‍ മരിക്കാന്‍ കൊതിക്കുന്നു. ഈ കഥയിലും ഒറ്റയടിപ്പാതയിലൂടെയാണ് നായകന്‍ നടക്കുന്നത്. അയാള്‍ ഒരു കുളത്തിന് അരികിലെത്തുന്നു. ''കുളക്കരയിലെ ഇരുട്ടില്‍ നിന്ന് അയാള്‍ തനിക്കുമാത്രം മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുന്നു. ദു:ഖിതമായ സന്ധ്യ എവിടെ  ഒളിക്കും! സ്വയം ഉത്തരം കണ്ടെടുക്കുന്നു... ഈ കുളത്തില്‍ ഈ മരങ്ങള്‍ക്കിടയില്‍,....'' വാക്കുകള്‍ ധ്യാനിച്ചെടുത്ത് നെഞ്ചിടിപ്പിന്റെ ശബ്ദം ശ്രവിച്ച് ഒടുവില്‍ ഭ്രാന്തനാണെന്ന് പരിഹസിക്കപ്പെട്ട് കുളക്കരയിലെത്തുന്നു. പിന്നീട് മണ്‍പാതയിലൂടെ നിശ്ചചലമായ മനസ്സോടെ തന്റെ നിഴലുമൊത്തു നടക്കുന്നു.

മുന്‍വിധികളില്ലാതെ കഥപറയുന്ന രീതി സക്കറിയ എഴുത്തില്‍ പരീക്ഷിക്കാറുണ്ട്. ഉദാഹരണത്തിന് 'ഹൃദയതാരകം' എന്ന കഥ. ഈ കഥയുടെ പേരുപോലും  എതിര്‍ദിശയിലേക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. സുകുമാരനെ ഭാര്യ ഉപേക്ഷിച്ചുപോയ ദിവസം തൊട്ടുകൊണ്ടാണ് 'ഹൃദയതാരകം' കഥതുടങ്ങുന്നത്. അന്നാണ് സുകുമാരന്‍ തന്റെ വയറിന്റെ ഇരമ്പില്‍ ശ്രദ്ധിച്ചത്. പിന്നീട് ആ ഇരമ്പല്‍ ഒരു തിരമാലപോലെ സുകുമാരന്റെ ആമാശത്തിന്റെയും അന്നപഥത്തിന്റെയും കുടലുകളുടേയും തീരങ്ങളില്‍ ഓളമടിക്കുകയും കായല്‍പോലെ കയറിക്കിടക്കുകയും ചെയ്തു. കഥയുടെ അവസാനത്തില്‍ മഞ്ഞുവീണു തുടങ്ങിയ കിഴക്കന്‍മലകള്‍ക്കു പിന്നില്‍ നിന്ന് ശാന്തവും സുന്ദരവും നിശ്ശബ്ദവുമായി ഒരു ഹൃദയതാരകം ഉദിച്ചുയരുകയാണ്.. നാടകീയതയിലേക്ക് പരിണമിക്കുന്ന കഥയുടെ പൊതുപ്രവണതയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നിടത്താണ് സക്കറിയ എന്ന എഴുത്തുകാരന്‍ മലയാളത്തില്‍ വ്യത്യസ്ത ശബ്ദമായി മാറുന്നത്.

ഒരു വിഷയത്തില്‍പോലും സക്കറിയക്ക് ഒരു കഥയല്ല പറയാനുള്ളത്, ഓരോ കഥയാണ്. തന്റെ മനസ്സില്‍ ഇറങ്ങിനിന്ന് അസ്ഫുടസത്യങ്ങള്‍ കണ്ടെത്തി പുതുമയുള്ള പ്രതിമാനങ്ങളിലൂടെയും വാക്കുകളിലൂടെയും കഥപറയുന്നു.

സക്കറിയുടെ കഥകളെപ്പോലെയാണ് അദ്ദേഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക ഇടപെടലുകളും. സമൂഹത്തിന്റെ മുന്നില്‍ നടക്കുന്ന എഴുത്തും എഴുത്തുകാരനുമാണ് സക്കറിയ. ആ ശീലം അദ്ദേഹത്തിന് പലപ്പോഴും വിമര്‍ശനങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ബുദ്ധിജീവികളെക്കൊണ്ട് എന്തുപ്രയോജനം?  സക്കറിയയ്ക്ക്  മാത്രം ചോദിക്കാന്‍ സാധിക്കുന്ന നിരവധി ചോദ്യങ്ങളും ഈ എഴുത്തുകാരന്‍ സമൂഹത്തിന് മുന്നില്‍  ഉന്നയിച്ചിട്ടുണ്ട്. ഇടപ്പാതയിലൂടെ നിശ്ശബ്ദനായിപ്പോകുന്ന കലാകാരന്റെ ദൗത്യം സക്കറിയ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും കൂടെ നിര്‍ത്താറുണ്ട്. സൂക്ഷ്മതയോടെ നെയ്തെടുക്കുന്ന വാക്കുകളും പ്രയോഗങ്ങളും പല ഇഴകളായി ചേരുന്നതുകൊണ്ടാണ് സക്കറിയയുടെ രചനകള്‍ക്ക് ഹൃദ്യത വര്‍ദ്ധിക്കുന്നത്.

സാമൂഹ്യജീവിത മേഖലകളിലും  മലയാളിയുടെ യാഥാസ്ഥിതികത്വം അമ്പരിപ്പിക്കുന്ന ചിത്രങ്ങള്‍ ഉദാഹരിച്ചുകൊണ്ട്, മലയാളികള്‍ക്കിടയില്‍ വന്നുചേരുന്ന അപകടകരമായ നിസ്സംഗത സക്കറിയയുടെ  നോവലുകളിലും കഥകളിലും ഒരുപാട് ഉപസംസ്‌കാരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രപരവും ദാര്‍ശനികവുമായ ഏകീകരണ പ്രക്രിയകളില്‍ നിന്നും സക്കറിയയുടെ കലാപ്രതിഭ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നു. ''തീവണ്ടിക്കൊള്ള'' എന്ന  കഥ ഈ ഗണത്തില്‍പെട്ടതാണ്. തീവണ്ടി കൊള്ളയടിക്കാന്‍ രാജന്‍ തീരുമാനിക്കുന്നിടത്താണ് 'തീവണ്ടിക്കൊള്ള'യുടെ തുടക്കം. തുടര്‍ന്ന് കഥ ഭാഷയുടെയും ആഖ്യാനത്തിന്റെയും കുന്നുകള്‍ ഒന്നൊന്നായി കയറിയിറങ്ങുന്നു. പിന്നീട് ഭാഷയിലെ ക്ലീഷേകളെ ദൂരെ നിര്‍ത്തിയാണ് സക്കറിയ കഥപറയുന്നത്.

വിധേയത്വത്തിനും കപടസദാചാരത്തിനു  നേരെ ചൂണ്ടുന്ന ശക്തമായ വിരലാണ് സക്കറിയുടെ എഴുത്തുകള്‍. എഴുത്തിന്റെ സമസ്തഭാവങ്ങളും   സക്കറിയുടെ കഥകളില്‍ മാത്രമല്ല, നോവലുകളിലും വായിക്കാവുന്നതാണ്. ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും, ഇതാണെന്റെ പേര്, ഇഷ്്ടികയും ആശാരിയും, അയ്യപ്പതിന്തകത്തോം, നോവലെറ്റുകളായ എന്തുണ്ടു വിശേഷം പീലാത്തോസേ?, പ്രെയ്സ് ദി ലോര്‍ഡ് തുടങ്ങിയ കൃതികളോടൊപ്പം ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ, അല്‍ഫോണ്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, സലാംഅമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, സക്കറിയുടെകഥകള്‍, ഇതാണെന്റെ പേര്, തേന്‍ മുതലായ കഥാസമാഹാരങ്ങളും, എഴുത്തുകാര്‍ക്ക് ഇന്ത്യയ്ക്കു വേണ്ടി എന്തുചെയ്യാന്‍ കഴിയും, ഗോവിന്ദം ഭജമൂഢമതേ തുടങ്ങിയ ലേഖനസമാഹാരങ്ങളും ഇംഗ്ലീഷ് നോവല്‍ 'എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍' കൂടാതെ ഒരു ആഫ്രിക്കന്‍ യാത്ര, വഴിപോക്കര്‍ എന്നിങ്ങനെ യാത്രാവിരണ ഗ്രന്ഥങ്ങളും ജോസഫ് പുരോഹിതന്‍ എന്ന തിരക്കഥ സക്കറിയ രചിച്ചിട്ടുണ്ട്.

സക്കറിയയുടെ ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും എന്ന കൃതിയാണ് വിഖ്യാതസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ എന്ന സിനിമ. ജനനി എന്ന ചിത്രത്തിനുവേണ്ടി രാജീവ് നാഥിനോടൊത്ത് തിരക്കഥ എഴുതി. സക്കറിയുടെ പ്രെയ്സ് ദി ലോര്‍ഡ് എന്ന കഥ അതേപേരില്‍ ഷിബു ഗംഗാധരന്‍ സിനിമയാക്കി.

കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഒ,വി വിജയന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളവിഭാഗം പുരസ്‌കാരം  തുടങ്ങി നിരവധി അംഗീകാരങ്ങളും സക്കറിയക്ക് ലഭിച്ചിട്ടുണ്ട്.
പഴയപാഠങ്ങളെ ശാന്തതയോടെ അംഗീകരിച്ചും സമകാലിക ജീവിതത്തിന്റെ പച്ചത്തുരുത്തുകളെ വാഴ്ത്തിയും സംസ്‌കാരശകലങ്ങളില്‍ അനിവാര്യമായതിനെ തിരുത്തിക്കുറിച്ചും മാനുഷികമൂല്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന  പരിഗണകൊടുത്തും എഴുത്തിന്റെ വിശാലതയില്‍ തന്റേതായ ഒരിടം തീര്‍ത്ത എഴുത്തുകാരനാണ് സക്കറിയ.
''സക്കറിയയുടെ ഓരോ വാക്യവും ഓരോ നീക്കമാണ്. ആക്രമണനിരയിലെ മികച്ച ഫുട്ബോള്‍ താരം ഗോള്‍മുഖത്തേക്ക് കുതിക്കുന്നത് പോലെയാണ് ഈ കഥാകാരന്‍ ഭാഷയുമായി മുന്നേറുന്നത്... ''എന്ന് സക്കറിയയുടെ എഴുത്തുവഴിയെ വിശേഷിപ്പിച്ചത് നിരൂപകന്‍ പ്രൊഫ. കെ.പി.അപ്പനാണ്. സമകാലിക ലോകകഥകളോടൊപ്പം നില്‍ക്കാവുന്ന മലയാളകഥകളില്‍, അതിലൊന്ന് സക്കറിയുടെ കഥയായിരിക്കും എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. എഴുത്തച്ഛന്‍ പുരസ്‌ക്കാരം എല്ലാ അര്‍ത്ഥത്തിലും മലയാളഭാഷയെ പുതുക്കിപ്പണിയുന്ന തച്ചനില്‍ തന്നെ വന്നുചേര്‍ന്നിരിക്കുന്നു.

-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഫോണ്‍ 9947396862
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick